ഹാദിയ വിഷയത്തില്‍ മുസ്ലീം സംഘടനകള്‍; സര്‍ക്കാര്‍ സംരക്ഷണം നല്‍കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു

ഹാദിയക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കണമെന്ന് മുസ്ലിം സംഘടനകള്‍. ഹാദിയയെ പരിശോധിക്കാന്‍ വിദഗ്ധ ഡോക്ടര്‍മാരെ അയക്കണമെന്നും മുസ്ലീം ലീഗ് ഉള്‍പ്പെടെയുള്ള മുസ്ലീം സംഘടനകള്‍ ആവശ്യപ്പെട്ടു. മുസ്ലിം ലീഗ് നേതാക്കളും മുസ്ലിം സംഘടനാ നേതാക്കളും മുഖ്യമന്ത്രിയുമായി മലപ്പുറം ഗസ്റ്റ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്ച്ചയിലാണ് ഹാദിയക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കണമെന്ന ആവശ്യം ഉന്നയിച്ചത്. ഹാദിയക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്നും നേതാക്കള്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
അതേസമയം, ഹാദിയയെ വിവാഹം ചെയ്ത ഷെഹിന്‍ ജഹാന് ഭീകരബന്ധമുണ്ടെന്ന ആരോപണവുമായി ഹാദിയയുടെ പിതാവ് അശോകന്‍ ഇന്ന് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഹാദിയ കേസിന്റെ പേരില്‍ പോപ്പുലര്‍ ഫ്രണ്ട് പണപ്പിരിവ് നടത്തുകയാണെന്നും 80 ലക്ഷം രൂപ ഇതുവരെ പിരിച്ചെടുത്തിട്ടുണ്ടെന്നും അശോകന്‍ കോടതിയെ അറിയിച്ചു.
അതിനിടെ വീട്ടുതടങ്കലില്‍ കഴിയുന്ന ഹാദിയയുടെ നിലവിലുള്ള സ്ഥിതി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ പൊലീസിനോട് ആവശ്യപ്പെട്ടു. കോട്ടയം പൊലീസ് സൂപ്രണ്ടിനോടാണ് ഹാദിയയുടെ ഇപ്പോഴത്തെ അവസ്ഥ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
വീട്ടില്‍ താന്‍ മര്‍ദ്ദനത്തിന് ഇരയാകുന്നതായും ഏതു നിമിഷവും കൊല്ലപ്പെട്ടേക്കാമെന്നും ഹാദിയ പറയുന്ന വീഡിയോ ദൃശ്യം രാഹുല്‍ ഈശ്വര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് വനിതാ കമ്മീഷന്റെ ഇടപെടല്‍. കേസ് ഒക്ടോബര്‍ 30 ന് സുപ്രീംകോടതിയുടെ പരിഗണന്ക്ക് വരാനിരിക്കെയാണ് രാഹുല്‍ ഈശ്വര്‍ ഹാദിയയുടെ വീട്ടില്‍ നിന്നുള്ള വീഡിയോ വാര്‍ത്ത സമ്മേളനത്തില്‍ പുറത്തുവിട്ടത്. ആഗസ്തില്‍ വൈക്കത്തെ വീട്ടില്‍ ഹാദിയയെ സന്ദര്‍ശിച്ചപ്പോള്‍ ചിത്രീകരിച്ചതാണ് വീഡിയോയെന്നും രാഹുല്‍ പറഞ്ഞിരുന്നു.

© 2024 Live Kerala News. All Rights Reserved.