പൊലീസ് ഉദ്യോഗസ്ഥന്റെ മരണം; കര്‍ണാടക മന്ത്രി കെ ജെ ജോര്‍ജിനെതിരെ സിബിഐ കേസ്

കര്‍ണാടകയിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ എം.കെ ഗണപതി ആത്മഹത്യ ചെയ്ത കേസില്‍ മലയാളിയായ മന്ത്രി കെ.ജെ. ജോര്‍ജിനും രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കുമെതിരെ കേസ്. സി.ബി.ഐയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. നേരത്തെ കര്‍ണാടക പോലീസ് നടത്തിയ അന്വേഷണത്തില്‍ മന്ത്രിക്കും പൊലീസ് മേധാവികള്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കി കേസ് അവസാനിപ്പിച്ചിരുന്നു.
2016 ജൂലൈയില്‍ കുടക് മടിക്കേരിയിലെ ലോഡ്ജില്‍ ഫാനില്‍ തൂങ്ങി മരിച്ചനിലയില്‍ ഗണപതിയെ കണ്ടെത്തുകയായിരുന്നു. അഴിമതിയും വ്യാജ ഏറ്റുമുട്ടലുകളും അന്വേഷിക്കുന്നതിന്റെ ചുമതലയുണ്ടായിരുന്ന ഗണപതി മരണത്തിന് തൊട്ടു മുമ്പ് സ്വകാര്യ ടി.വി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കര്‍ണാടക മുന്‍ ആഭ്യന്തര മന്ത്രിയും നിലവിലെ നഗര വികസന മന്ത്രിയുമായ കെ.ജെ. ജോര്‍ജും രണ്ട് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും തന്നെ മാനസികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ചിരുന്നു. ആത്മഹത്യ ചെയ്ത പൊലീസ് ഉദ്യോഗസ്ഥന്റെ കുടുംബം നല്‍കിയ ഹര്‍ജി പരിഗണിക്കവെ ‘ഞെട്ടിപ്പിക്കുന്ന പല വസ്തുതകളും ഈ കേസുമായി ബന്ധപ്പെട്ട് നടന്നിട്ടുണ്ട് ‘എന്നാണ് സുപ്രീം കോടതി നിരീക്ഷിച്ചത്.

മുന്‍ ഐജിപി പ്രവീണ്‍ മൊഹന്തി, മുന്‍ എഡിജിപി എ.എം പ്രസാദ് എന്നിവരാണ് കേസ് ചുമത്തപ്പെട്ട ഉദ്യോഗസ്ഥര്‍. കേസ് സിബിഐയ്ക്ക് വിട്ടുകൊണ്ട് സെപ്തംബറിലാണ് സുപ്രീം കോടതി ഉത്തരവുണ്ടായത്. മന്ത്രിക്കെതിരായ പരാതിയിലൂടെ മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതിരോധത്തിലായി. പ്രതിപക്ഷത്തിന് ഇതൊരു ആയുധമായി മാറുകയും ചെയ്തു. സിബിഐ അന്വേഷണം പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും മുഖ്യമന്ത്രി നിരസിച്ചു. അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുഖ്യമന്ത്രിയായി പരിഗണിക്കുന്ന ബി എസ് യെദ്യൂരപ്പ കെ ജി ജോര്‍ജിന്റെ രാജി ആവശ്യപ്പെട്ടിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.