ജനജാഗ്രതാ യാത്രയിലെ വാഹനവിവാദം- മൗനം പാലിച്ച് മുഖ്യമന്ത്രി; പാര്‍ട്ടി അന്വേഷിക്കുമെന്ന് കൊടിയേരി; കൊടിയേരിയെ അറിയില്ലെന്ന് ഫൈസല്‍

സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നയിക്കുന്ന ജനജാഗ്രതാ യാത്രയ്ക്കു കൊടുവള്ളിയില്‍ നല്‍കിയ സ്വീകരണത്തിനിടെ ഉപയോഗിച്ച കാറിനെച്ചൊല്ലിയുള്ള വിവാദം കൊഴുക്കുന്നു. വിവാദത്തില്‍ മൗനം പാലിച്ച മുഖ്യമന്ത്രി, ഇതേക്കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. അതേ സമയം പാര്‍ട്ടിക്ക് വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ അന്വേഷിക്കുമെന്ന് പാര്‍ട്ടി സെക്രട്ടറി വ്യക്തമാക്കി. ഇതിനിടെ കോടിയേരി ബാലകൃഷ്ണനെ അറിയില്ലെന്ന് വ്യക്തമാക്കി നഗരസഭ കൗണ്‍സിലര്‍ കാരാട്ട് ഫൈസല്‍ രംഗത്തെത്തി. വാഹനം വിട്ടുകൊടുത്തത് സിപിഎം പ്രാദേശിക നേതൃത്വം ആവശ്യപ്പെട്ടിട്ടാണ്. സ്വര്‍ണക്കടത്തുകേസില്‍ പൊലീസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ തനിക്കെതിരെ ഇതുമായി ബന്ധപ്പെട്ടു കേസുകളൊന്നും നിലവിലില്ലെന്നു വ്യവസായി കൂടിയായ ഫൈസല്‍ കാരാട്ട് പറഞ്ഞു. ഈ കേസില്‍പ്പെട്ട മറ്റു പ്രതികള്‍ക്കെല്ലാമെതിരെ കോഫെപോസ നിയമപ്രകാരം ഡിആര്‍ഐ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന വിവാദങ്ങള്‍ രാഷ്ട്രീയലക്ഷ്യം വച്ചുള്ളതു മാത്രമാണെന്നും കാരാട്ട് ഫൈസല്‍ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
അതേസമയം ഇത് സംബന്ധിച്ച് തനിക്കറിയില്ലായിരുന്നുവെന്ന് കൊടിയേരി ബാലകൃഷണന്‍ പ്രതികരിച്ചു. കൊടുവള്ളിയില്‍ പാര്‍ട്ടിക്ക് സ്വന്തമായി വാഹനമില്ല. കാരാട്ട് ഫൈസലിന്റെ കാര്‍ മുമ്പും ഉപയോഗിച്ചിട്ടുണ്ട്. പാര്‍ട്ടി ഇത് അന്വേഷിക്കുമെന്നും കൊടിയേരി വ്യക്തമാക്കി. ഫൈസലിന്റെ വാഹനത്തില്‍ കോടിയേരി യാത്ര ചെയ്തതിനെ ന്യായീകരിച്ച് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനും രംഗത്തെത്തി. ഇക്കാര്യത്തില്‍ പാര്‍ട്ടിക്ക് തെറ്റ് പറ്റിയിട്ടില്ല. ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമെന്ന് പി മോഹനന്‍ പറഞ്ഞു. ഫൈസല്‍ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയാണ്. നിലവില്‍ ഫൈസലിനെതിരെ കേസില്ലെന്നും മുസ്ലീം ലീഗിന്റെയും ബിജെപിയുടേയും ആരോപണങ്ങള്‍ യാത്രയുടെ ജനപങ്കാളിത്തം കണ്ട് വേവലാതി പൂണ്ടാണെന്നും പി.മോഹനന്‍ വ്യക്തമാക്കി.

ഫൈസലിന്റെ ഉടമസ്ഥതയിലുള്ള 44 ലക്ഷം രൂപ വിലയുള്ള മിനി കൂപ്പര്‍ കാറിലായിരുന്നു കൊടുവള്ളിയില്‍ കോടിയേരിയുടെ സഞ്ചാരം. അതേസമയം, സ്വര്‍ണ കള്ളക്കടത്തുകേസില്‍ ഏഴാം പ്രതിയാണ് ഫൈസല്‍. 2013ല്‍ കരിപ്പൂര്‍ വിമാനത്താവളം വഴി നടന്ന സ്വര്‍ണക്കള്ളക്കടത്തു കേസിലെ പ്രതിയായ ഷഹബാസിന്റെ ഭാര്യയുടെ പേരിലുള്ള ഓഡി ക്യു സെവന്‍ കാര്‍ കാരാട്ട് ഫൈസലിന്റെ വീട്ടില്‍ നിന്നു ഡിആര്‍ഐ കസ്റ്റഡിയിലെടുത്തിരുന്നു. ഫൈസലിനെയും ഡിആര്‍ഐ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തിരുന്നു.

© 2024 Live Kerala News. All Rights Reserved.