നിലമ്പൂരില്‍ മാവോയിസ്റ്റ് നേതാക്കള്‍ കൊല്ലപ്പെട്ട സംഭവം: സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

നിലമ്പൂര്‍ വനത്തില്‍ മാവോയിസ്റ്റ് നേതാക്കളായ കുപ്പുദേവരാജ്, അജിത എന്നിവര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനായ പി എ പൗരന്‍ സമര്‍പ്പിച്ചിരുന്ന ഹര്‍ജി ഹൈക്കോടതി തള്ളി. ഹര്‍ജിക്കാരന് ആവശ്യമെങ്കില്‍ മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാമെന്ന് കോടതി നിരീക്ഷിച്ചു.
2016 നവംബറിലാണ് നിലമ്പൂര്‍ വനമേഖലയിലെ കരുളായി-പടുക്ക പ്രദേശത്തുണ്ടായ ഏറ്റുമുട്ടലിനിടെ കുപ്പുദേവരാജും അജിതയും കൊല്ലപ്പെട്ടത്. കുപ്പു ദേവരാജിന്റെ കൈയിലുണ്ടായിരുന്ന പിസ്റ്റളില്‍ നിന്നു പോലീസിനു നേരേ വെടിയുതിര്‍ത്തിരുന്നുവെന്നായിരുന്നു അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. ഏറ്റുമുട്ടലില്‍ പങ്കെടുത്ത സേനാംഗങ്ങളുടെ മൊഴിയുടെയും സാഹചര്യ തെളിവുകളുടെയും അടിസ്ഥാനത്തിലായിരുന്നു കേസ് അന്വേഷണം. ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തു നിന്ന് ഇതിനുള്ള തെളിവുകള്‍ ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. പോലീസ് തോക്കിന്റേതല്ലാത്ത തിരകളും സംഭവസ്ഥലത്തു നിന്നു കിട്ടി. ഇതു കുപ്പുദേവരാജിന്റെയും മറ്റു മാവോയിസ്റ്റുകളുടെയും തോക്കില്‍നിന്നുള്ളതാണെന്നാണു ക്രൈംബ്രാഞ്ച് വാദം. സമീപത്തെ മരത്തിലും പോലീസ് ഉപയോഗിക്കാത്ത വെടിയുണ്ടകളുടെ പാടുകള്‍ കണ്ടെത്തിയിരുന്നു.

അതേസമയം, നിലമ്പൂരില്‍ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന ആരോപണവുമായി നിരവധി മനുഷ്യാവകാശ സംഘടനകളും രാഷ്ട്രീയ പ്രവര്‍ത്തകരും രംഗത്തെത്തിയികുന്നു.

© 2024 Live Kerala News. All Rights Reserved.