ചലച്ചിത്ര സംവിധായകന്‍ ഐ വി ശശി (69) അന്തരിച്ചു. അന്ത്യം ചെന്നൈ സാലിനഗറിലെ വസതിയില്‍ വച്ചായിരുന്നു. 150 ഓളം മലയാള ചിത്രങ്ങള്‍ സംവിധാനം ചെയ്തു. പത്‌നി സീമയാണ് ഒദ്യോഗികമായി വിവരം പുറത്തുവിട്ടത്. കുറച്ചു നാളുകളായി സിനിമാ രംഗത്തുനിന്നും മാറി നില്‍ക്കുകയായിരുന്നു. കുവൈറ്റ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഒരു ബഹുഭാഷാ ചിത്രത്തിന്റെ ഒരുക്കങ്ങള്‍ക്കിടെയാണ് അദ്ദേഹത്തിന്റെ മരണം. ചെന്നൈ സാലിഗ്രാമത്തില്‍ ഉള്ള വസതിയില്‍ 11 മണിയോടെയായിരുന്നു അന്ത്യം. അസുഖത്തെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു.
ഉമ്മറിനെ നായകനാക്കി 1975 ല്‍ ഒരുക്കിയ ഉത്സവമാണ് ആദ്യചിത്രം. അഭിനന്ദനം, അനുഭവം, ഇതാ ഇവിടെവരെ, വാടയ്‌ക്കൊരു ഹൃദയം,
അവളുടെ രാവുകള്‍, മനസാ വാചാ കര്‍മണ, ഏഴാം കടലിനക്കരെ, ഈ നാട്, തുഷാരം, അഹിം, ഇന്നല്ലെങ്കില്‍ നാളെ, കാണാമറയത്ത്, അതിരാത്രം, ആള്‍ക്കൂട്ടത്തില്‍ തനിയെ, അടിയൊഴുക്കുകള്‍, കരിമ്പിന്‍പൂവിനക്കരെ, ആവനാഴി, ഇടനിലങ്ങള്‍, അടിമകള്‍ ഉടമകള്‍, 1921, അബ്കാരി, അക്ഷരത്തെറ്റ്, ഇന്‍സ്‌പെക്ടര്‍ ബല്‍റാം, ദേവാസുരം തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്തു. 2009ല്‍ പുറത്തിറങ്ങിയ വെള്ളത്തൂവലാണ് അവസാനചിത്രം.
തന്റേതായ ഒരു ശൈലിയിലും സംവിധായക രീതിയിലും അദ്ദേഹത്തിന്റെ സിനിമകള്‍ മലയാള സിനിമ ചരിത്രത്തില്‍ വേറിട്ടു നില്‍ക്കുന്നു. കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശിയായ ഐ.വി.ശശി മദ്രാസ് സ്‌കൂള്‍ ഓഫ് ആര്‍ട്സില്‍ നിന്ന് ചിത്രകലത്തില്‍ ഡിപ്ലോമ നേടിയശേഷമാണ് സിനിമയിലെത്തിയത്. ആരൂഡം എന്ന ചിത്രത്തിന് മികച്ച ദേശീയപുരസ്‌കാരം. മികച്ച സംവിധാകനുള്ള ചലച്ചിത്ര പുരസ്‌കാരം രണ്ടുതവണ നേടി.
1968ല്‍ എ.ബി.രാജിന്റെ കളിയല്ല കല്ല്യാണത്തില്‍ കലാസംവിധായകനായിട്ടായിരുന്നു തുടക്കം. പിന്നീട് ഛായാഗ്രഹണ സഹായിയായി. ഇരുപത്തിയേഴാം വയസ്സില്‍ സംധായകനായെങ്കിലും 1975ല്‍ പുറത്തിറങ്ങിയ ഉത്സവത്തിലാണ് സംവിധായകന്റെ പേര് വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെട്ടത്. എഴുപതുകളുടെ അവസാനം ഐ.വി. ശശി-ഷെരീഫ് കൂട്ടുകെട്ട് വലിയ തരംഗം തന്നെ സൃഷ്ടിച്ചു. ഒരു കാലത്ത് ഹിറ്റുകളുടെ പര്യായമായിരുന്നു ഐ.വി.ശശി. 1977ല്‍ മാത്രം ഐ.വി.ശശി പന്ത്രണ്ട് സിനിമകള്‍ പുറത്തിറക്കി ഇതില്‍ എട്ടെണ്ണവും ഹിറ്റുകളായി.
2014-ലെ ജെ.സി. ഡാനിയേല്‍ പുരസ്‌കാരം, ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് – 2013 ഏപ്രില്‍ 19-ന് കോഴിക്കോട് വച്ച് നടന്ന ഉത്സവ് 2013 പരിപാടിയില്‍ കമലഹാസനും, മോഹന്‍ലാലും, മമ്മൂട്ടിയും ചേര്‍ന്ന് ഐ.വി. ശശിയ്ക്ക് ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് നല്‍കി ആദരിച്ചു, 1982-ല്‍ ആരൂഡത്തിന് ദേശീയോദ്ഗ്രഥനത്തിനുള്ള ദേശീയ അവാര്‍ഡ്, രണ്ടു തവണമ മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ്, ഒരു തവണ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള അവാര്‍ഡ്, ഒരു തവണ ജനപ്രീതി നേടിയ ചിത്രത്തിനുള്ള അവാര്‍ഡ്, ആറു തവണ ഫിലിംഫെയര്‍ അവാര്‍ഡ്. 2015-ല്‍ ഫിലിം ഫെയറിന്റെ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരവും നേടിയിട്ടുണ്ട്.
ഭാര്യ നടി സീമ. അനു, അനി എന്നിവരാണ് മക്കള്‍.