സുരക്ഷാ ഭീഷണിയുണ്ടെന്ന് ദിലീപ്; ‘പ്രത്യേക സുരക്ഷാ സേനയെ ഏര്‍പ്പെടുത്തിയിട്ടില്ല’

തനിക്കെതിരേ കേസ് കൊടുത്തവരില്‍ നിന്ന് സുരക്ഷാ ഭീഷണിയുണ്ടെന്ന് നടിയെ അക്രമിച്ച കേസില്‍ ജാമ്യത്തില്‍ കഴിയുന്ന നടന്‍ ദിലീപ്. അതേസമയം, തന്റെ സുരക്ഷയ്ക്ക് പ്രത്യേക സുരക്ഷാ ഏജന്‍സിയെ ഏര്‍പ്പെടുത്തിയിട്ടില്ലെന്നും പോലീസ് നല്‍കിയ നോട്ടീസിന് മറുപടിയായി ദിലീപ് വ്യക്തമാക്കി.
തനിക്കെതിരേ സുരക്ഷാ ഭീഷണിയുള്ള സാഹചര്യത്തില്‍ സ്വകാര്യ സുരക്ഷാ ഏജന്‍സിയുമായി കൂടിയാലോചന നടത്തിയിന്നും ദിലീപ് വ്യക്തമാക്കി.
എന്തിന് സുരക്ഷ തേടി എന്ന കാര്യം വിശദീകരിക്കണമെന്നും സുരക്ഷ ഏല്‍പ്പിച്ച സ്വകാര്യ ഏജന്‍സിയുടെ സുരക്ഷ ലൈസന്‍സ് ഹാജരാക്കണമെന്നുമായിരുന്നു പോലീസ് നല്‍കിയ നോട്ടീസില്‍ പറഞ്ഞിരുന്നത്. ഇതു സംബന്ധിച്ച് സ്വകാര്യ ഏജന്‍സിക്കും പൊലീസ് നോട്ടീസ് അയച്ചിരുന്നു.
ദിലീപിന്റെ സുരക്ഷായ്ക്കായി ഗോവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തണ്ടര്‍ ഫോഴ്‌സിലെ സുരക്ഷാ ഉദ്യോഗസ്ഥരെ ഒരുക്കിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. തുടര്‍ന്ന് സുരക്ഷാ ഏജന്‍സിയുടെ വാഹനം കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ജനമധ്യത്തില്‍ ദിലീപ് ആക്രമിക്കപ്പെടാന്‍ സാധ്യതയുള്ളതായി നേരത്തെ സൂചനകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് സുരക്ഷയ്ക്കായി പ്രത്യേക സേനയെ നിയോഗിച്ചതെന്നായിരുന്നു വിലയിരുത്തലുകള്‍.

രാജ്യത്ത് 11 സംസ്ഥാനങ്ങളിലായി പ്രവര്‍ത്തിക്കുന്ന സുരക്ഷാ ഏജന്‍സിയാണ് തണ്ടര്‍ ഫോഴ്‌സ്. നാലു വര്‍ഷമായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഏജന്‍സിക്ക് തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓഫിസുകളുണ്ട്. റിട്ട. ഐപിഎസ് പി.എ. വല്‍സനാണ് കേരളത്തില്‍ ഏജന്‍സിയുടെ ചുമതലയുള്ളത്. തോക്ക് കൈവശം വയ്ക്കാന്‍ അധികാരമുള്ള ഈ ഏജന്‍സിയില്‍ 1000ത്തോളം വിമുക്ത ഭടന്മാര്‍ ജോലി ചെയ്യുന്നുണ്ട്.

© 2024 Live Kerala News. All Rights Reserved.