കൊച്ചി: പിഞ്ചുകുഞ്ഞുമായി പോയ ആംബുലന്‍സിന് തടസം സൃഷ്ടിച്ച് കാര്‍ ഓടിച്ചയാള്‍ അറസ്റ്റില്‍. പൈനാടത്ത് വീട്ടില്‍ നിര്‍മ്മല്‍ ജോസിനേയാണ് പൊലീസ് അറസ്റ്റു ചെയ്തത്. ഇയാള്‍ ഓടിച്ച കെ എല്‍ 17 എല്‍ 202 നമ്പര്‍ ഫോര്‍ഡ് എക്കോ സ്‌പോര്‍ട്ട് കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
ശ്വാസം തടസം മൂലം അത്യാസന്ന നിലയിലായ കുഞ്ഞുമായി പോകുകയായിരുന്ന ആംബുലന്‍സിനാണ് നിര്‍മ്മല്‍ ജോസ് തടസം സൃഷ്ടിച്ചത്. ഇന്നലെയാണ് സംഭവം. ആലുവ രാജഗിരി ആശുപത്രിക്ക് മുന്നില്‍ നിന്നാണ് നിര്‍മ്മലിന്റെ കാര്‍ ആംബുലന്‍സിന് മുന്നില്‍ കയറിയത്. തുടര്‍ന്ന് കളമശേരി വരെ ആംബുലന്‍സ് യാത്രക്ക് യുവാവ് തടസം സൃഷ്ടിച്ചു. എതിനേവന്ന വാഹനങ്ങള്‍ക്ക് സൈഡ് നല്‍കിയിട്ടും ആംബുലന്‍സിനെ കടത്തിവിടാന്‍ നിര്‍മ്മല്‍ തയ്യാറായില്ല. പത്തുമിനിട്ടുകൊണ്ട് കളമശേരിയിലെത്തേണ്ട വാഹനം അരമണിക്കൂര്‍ വൈകിയാണ് ആശുപത്രിയിലെത്തിയത്.
ആംബുലന്‍സിന് സൈഡ് നല്‍കാതെ കാര്‍ അമിത വേഗത്തില്‍ പായുന്ന വീഡിയോ ആംബുലന്‍സിലുണ്ടായിരുന്ന ആള്‍ മൊബൈലില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചിരുന്നു. ആംബുലന്‍സ് ഡ്രൈവര്‍ മധുവിന്റെ വിശദീകരണവും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ മധു പൊലീസിന് കൈമാറിയിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് നടപടി കൈക്കൊണ്ടത്.