ഇംഫാല്‍: ലോകത്ത് മുസ്ലീം തീവ്രവാദിയോ ക്രിസ്ത്യന്‍ തീവ്രവാദിയോ ഇല്ല. തീവ്രവാദത്തിലേക്ക് എത്തിക്കഴിഞ്ഞാല്‍ പിന്നെ മതമില്ലെന്ന് ടിബറ്റിന്റെ ആത്മീയ നേതാവ് ദലൈലാമ. മണിപ്പൂരിലെ പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു ദലൈലാമ.
ചരിത്രപരമായി ഇന്ത്യ വിവിധ മതങ്ങളുള്ള രാജ്യമാണ്. ‘ഓരോ മതവിഭാഗത്തിനും വ്യത്യസ്ത വിശ്വാസമായിരിക്കും. ആ വൈവിധ്യങ്ങളൊക്കെയും സംരക്ഷിക്കണം. ഒരു മതവിഭാഗം മറ്റ് മതവിഭാഗങ്ങളെ പരിവര്‍ത്തനം ചെയ്യുന്നത് ശരിയല്ല. മ്യാന്‍മറിലെ മുസ്ലീങ്ങള്‍ക്ക് നേരെയുള്ള തുടര്‍ച്ചയായ അക്രമം നിര്‍ഭാഗ്യകരം’. ദലൈലാമ പറഞ്ഞു. ഇന്ത്യ ചൈന അതിര്‍ത്തിയില്‍ ചില പ്രശ്‌നങ്ങളുണ്ടെങ്കിലും അത് ഗൗരവമായ സ്ഥിതിയിലേക്ക് നീങ്ങുമെന്ന് കരുതുന്നില്ലയെന്ന് ഡോക് ലാം പ്രശ്‌നത്തെക്കുറിച്ച് പ്രതികരിച്ചു.
അന്താരാഷ്ട്ര സമാധാന സമ്മേളനത്തില്‍ പങ്കെടുക്കാനാണ് ദലൈലാമ മണിപ്പൂരിലെത്തിയത്. മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന പരിപാടികളില്‍ പങ്കെടുക്കും. ഇന്ത്യയും ചൈനയും ജപ്പാനുമടക്കമുള്ള രാജ്യങ്ങളെ ഉള്‍പ്പെടുത്തി ഏഷ്യന്‍ യൂണിയന്‍ രൂപം കൊടുക്കുകയെന്നത് തന്റെ സ്വപ്നമാണെന്നും ദലൈലാമ പറഞ്ഞു.