ഇന്ത്യന്‍ ജയിലുകള്‍ ഇഷടമല്ലെന്ന് മല്യ; മികച്ച സൗകര്യമൊരുക്കാമെന്ന് സര്‍ക്കാര്‍

ഇന്ത്യയിലെ ജയിലുകള്‍ താമസിക്കാന്‍ യോഗ്യമല്ലെന്നും വൃത്തിഹീനമാണെന്നും മദ്യ രാജാവ് വിജയ് മല്യ. ഇന്ത്യന്‍ ബാങ്കുകളില്‍നിന്ന് 9000 കോടിയിലധികം രൂപ വായ്പയെടുത്ത് തിരിച്ചടക്കാത്ത കേസില്‍ മല്യയെ വിട്ടുകിട്ടണമെന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ വാദത്തിലാണ് മല്യ ഇക്കാര്യം അറിയിച്ചത്. ബ്രിട്ടീഷ് കോടതിയിലാണ് മല്യ അഭിഭാഷകന്‍ മുഖേന ഇക്കാര്യം അറിയിക്കുകയായിരുന്നു.
ഇന്ത്യന്‍ ജയിലുകളിലെ ശൗചാലങ്ങളുടെ വൃത്തിഹീനമായ അവസ്ഥയും സര്‍ക്കാര്‍ ആശുപത്രികളിലെ അസൗകര്യങ്ങളുമാണ് അഭിഭാഷകന്‍ ബ്രിട്ടീഷ് കോടതിയെ അറിയിച്ചത്. പ്രമേഹ രോഗിയായ മല്യക്ക് പ്രതേക പരിചരണവും ഗൃഹഭക്ഷണവും വേണമെന്നും അഭിഭാഷകന്‍ വാദിച്ചു.
ആവശ്യത്തെ തുടര്‍ന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ കേന്ദ്രത്തോട് നിയമോപദേശം തേടുകയും ആവശ്യങ്ങള്‍ അനുവദിക്കുകയുമായിരുന്നു. ഇതിനെ തുടര്‍ന്ന് യൂറോപ്യന്‍ മാതൃകയിലുള്ള ജയില്‍ സജ്ജീകരിക്കാന്‍ ജയില്‍ അധികൃതര്‍ സമ്മതിച്ചു. ആര്‍തര്‍ റോഡ് ജയില്‍ ഇതിന് അനുയോജ്യമാണെന്നും മല്യയുടെ ആവശ്യത്തിനനുസരിച്ച് വേറെ നിര്‍മിക്കാമെന്നും അഭ്യന്തര വകുപ്പ് അറിയിച്ചു. ബ്രീട്ടീഷ് കോടതിയില്‍ അടുത്തതവണ കേസ് പരിഗണിക്കുമ്പോള്‍ മല്യയുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു കൊണ്ടുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും അഭ്യന്തര വകുപ്പ് വൃത്തങ്ങള്‍ പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.