വധശിക്ഷ നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് യാക്കൂബ് മേമന്‍ വീണ്ടും സുപ്രീം കോടതിയില്‍

 

ന്യൂഡല്‍ഹി: ജൂലൈ 30 ന് നടപ്പാക്കാനിരിക്കുന്ന വധശിക്ഷ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് 1993ലെ മുംബൈ സ്‌ഫോടനക്കേസ് പ്രതി യാക്കൂബ് മേമന്‍ വീണ്ടും സുപ്രീംകോടതിയെ സമീപിച്ചു. ശിക്ഷ ഇളവു ചെയ്യണമെന്ന് അഭ്യര്‍ഥിച്ച് മേമന്‍ സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജി കഴിഞ്ഞ ദിവസം സുപ്രീംകോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ ഹര്‍ജിയുമായി മേമന്‍ വീണ്ടും കോടതിയെ സമീപിച്ചിരിക്കുന്നത്.

വധശിക്ഷ നടപ്പിലാക്കാനുള്ള ഉത്തരവ് നിയമ വിരുദ്ധമാണെന്നും ശരിയായ നടപടിക്രമങ്ങള്‍ പാലിച്ചിട്ടില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. ലഭ്യമായ എല്ലാ നിയമവഴികളും തേടുന്നതിനു മുന്‍പാണ് വധശിക്ഷയ്ക്കുള്ള ഉത്തരവ് പുറത്തിറങ്ങിയത്. ഇത് നിയമവ്യവസ്ഥയ്ക്ക് എതിരാണെന്ന് മേമന്റെ അഭിഭാഷകന്‍ വ്യക്തമാക്കി.

സുപ്രീംകോടതി തിരുത്തല്‍ ഹര്‍ജി തള്ളിയതിനെത്തുടര്‍ന്ന് മേമന്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ക്ക് ദയാഹര്‍ജി നല്‍കിയിരുന്നു. കൂടാതെ രാഷ്ട്രപതിക്കു വീണ്ടും ദയാഹര്‍ജി നല്‍കാനും നീക്കമുണ്ട്. മേമന്‍ നേരിട്ട് നല്‍കുന്ന ആദ്യ ദയാഹര്‍ജിയാണിത്. നേരത്തെ യാക്കൂബ് മേമനു വേണ്ടി സഹോദരനായ സുലെയ്മാനാണ് രാഷ്ട്രപതിക്കു ദയാഹര്‍ജി സമര്‍പ്പിച്ചിരുന്നത്. ഇത് കഴിഞ്ഞവര്‍ഷം രാഷ്ട്രപതി പ്രണബ് മുഖര്‍ജി തള്ളിയിരുന്നു.

1993 മാര്‍ച്ച് 12നു മുംബൈ നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ നടന്ന സ്‌ഫോടനങ്ങളില്‍ 257 പേരാണു മരിച്ചത്. 713 പേര്‍ക്കു പരുക്കേറ്റു. ദാവൂദ് ഇബ്രാഹിം, ടൈഗര്‍ മേമന്‍, യാക്കൂബ് അബ്ദുല്‍ റസാഖ് മേമന്‍ എന്നിവര്‍ മുഖ്യസൂത്രധാരന്‍മാരെന്നു കണ്ടെത്തിയിരുന്നു. ബോളിവുഡ് താരം സഞ്ജയ് ദത്തും കേസില്‍ പ്രതിയായിരുന്നു. യാക്കൂബ് മേമനു പുറമെ, ടാഡാ കോടതി വധശിക്ഷയ്ക്കു വിധിച്ച മറ്റു 10 പേരുടെ ശിക്ഷ സുപ്രീം കോടതി 2013ല്‍ ജീവപര്യന്തമാക്കിയിരുന്നു.

© 2024 Live Kerala News. All Rights Reserved.