‘ഒരു സ്ത്രീയ്ക്ക് കൊടുക്കേണ്ട എല്ലാ നീതിയും പരിഗണനയുമുളള നടപടി; സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് മരുഭൂമിയിലെ വെളളം പോലെ’; സന്തോഷമുണ്ടെന്ന് സരിത എസ് നായര്‍

ഇപ്പോള്‍ പുറത്തുവന്ന വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ തനിക്ക് സന്തോഷമുണ്ടെന്ന് സരിത എസ് നായര്‍. വര്‍ഷങ്ങള്‍ നീണ്ട ഒരു നിയമപോരാട്ടം, അല്ലെങ്കില്‍ ഒരു യുദ്ധത്തിന്റെ അവസാനം നീതി കിട്ടിയതായി വിശ്വസിക്കുന്നു. ശരിക്കും സന്തോഷമുണ്ട്. മുന്‍കാലങ്ങളില്‍ കുറെ കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്. അതുപോലെ ഇതും മറഞ്ഞുപോകുമോ എന്ന് ഭയപ്പെട്ടിരുന്നു. പക്ഷേ അതില്‍ നിന്നും വ്യത്യസ്തമായി മുഖ്യമന്ത്രി തന്നെ തുറന്നുകാട്ടുകയും അതിലുളള കണ്ടെത്തലുകള്‍ ഒരു പരിധിക്കുമേല്‍ തന്റെ ശരികളെ ശരിവെക്കുന്നതാണെന്നും അതിനാല്‍ സന്തോഷമുണ്ടെന്നും സരിത എസ് നായര്‍ പറഞ്ഞു.
സര്‍ക്കാര്‍ ഒരു സ്ത്രീയ്ക്ക് കൊടുക്കേണ്ട എല്ലാ നീതിയും പരിഗണനയും ലഭ്യമാക്കിക്കാണ്ടുളള തീരുമാനമാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. അതുകൊണ്ട് തന്നെ അന്വേഷണവുമായി ഏതറ്റം വരെയും സഹകരിക്കും. മറ്റുളളവരുടെ രാഷ്ട്രീയഭാവി സംരക്ഷിക്കുക എന്നത് ഒരു കാലത്ത് ശ്രദ്ധിച്ചിരുന്നു. ഇനിയങ്ങനെ ഉണ്ടാകില്ല. മരുഭൂമിയില്‍ ഒരു തുളളിവെളളമെന്ന പോലെയാണ് റിപ്പോര്‍ട്ട് ഇപ്പോള്‍ പുറത്തുവന്നതെന്നും അവര്‍ പറഞ്ഞു. ജസ്റ്റിസ് ശിവരാജന്‍ സമര്‍പ്പിച്ച സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ സരിത എസ് നായര്‍ക്കെതിരെ ലൈംഗിക പീഡനം നടന്നുവെന്ന് വ്യക്തമാക്കിയിരുന്നു. സരിതയുടെ കത്തില്‍ പരാമര്‍ശിച്ചവര്‍ക്കെതിരെ ബലാത്സംഗ കേസ് എടുക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.