ഡല്‍ഹി മെട്രോ യാത്ര ഇന്ന് മുതല്‍ ചിലവേറിയതാകും; യാത്രാ നിരക്ക് വര്‍ധന പ്രാബല്യത്തില്‍

ഡല്‍ഹി മെട്രോ യാത്രാ നിരക്ക് വര്‍ധന ഇന്ന് മുതല്‍ പ്രാബല്യത്തില്‍. കുറഞ്ഞ നിരക്ക് 10 രൂപയും ,കൂടിയ നിരക്ക് 60 രൂപയുമായാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. എന്നാല്‍ നിരക്കു വര്‍ധനവ് സാധാരണക്കാരന് താങ്ങാന്‍ കഴിയുന്നതല്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ട്വീറ്ററില്‍ കുറിച്ചു.കൂട്ടിയ നിരക്ക് പ്രകാരം അഞ്ച് കിലോമീറ്റര്‍ യാത്രയക്ക് 20 രൂപ നല്‍കേണ്ടി വരും. 5 മുതല്‍ 12 കിലോമീറ്റര്‍ വരെയുള്ള യാത്രയ്ക്ക് 30 രൂപയാണ് ഇടാക്കുക. ദീര്‍ഘ ദൂര യാത്രയ്ക്ക് 40, 50, 60 എന്നിങ്ങിനെയാണ് നിരക്കുകള്‍.
ഡല്‍ഹി സര്‍ക്കാരിന്റെ എതിര്‍പ്പ് വകവെക്കാതെയാണ് ഡിഎംആര്‍സി നിരക്ക് വര്‍ധിപ്പിച്ചത്. യാത്രാ നിരക്ക് കൂട്ടുന്നതിനെതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ രംഗത്തെത്തിയിരുന്നു.
നിരക്ക് വര്‍ധന മെട്രോയിലെ സ്ഥിരം യാത്രക്കാരായ ആയിരക്കണക്കിന് പേരെ പ്രതികൂലമായി ബാധിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി വ്യക്തമാക്കി. യാത്ര നിരക്ക് കൂട്ടാതെ പിടിച്ചു നില്‍ക്കാന്‍ പകുതി തുക സാമ്പത്തിക സഹായം നല്‍കാമെന്ന് കാട്ടി തിങ്കളാഴ്ച്ച അരവിന്ദ് കെജ്രിവാള്‍ കേന്ദ്ര മന്ത്രിയ്ക്ക് കത്തെഴുതിയിരുന്നു. നിരക്ക് വര്‍ദ്ധന ഒഴിവാക്കണമെങ്കില്‍ ഡല്‍ഹി മെട്രോയ്ക്ക് പ്രതിവര്‍ഷം 3000 കോടി രൂപ ധനസഹായം ആവശ്യമായി വരുമെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ വാദം. ഇതോടെയാണ് പകുതി തുക ഡല്‍ഹി സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചത്.

ആറുമാസത്തിനിടയില്‍ ഇത് രണ്ടാം തവണയാണ് ഡല്‍ഹി മെട്രോ റയില്‍ കോര്‍പ്പറേഷന്‍ നിരക്കുകള്‍ വര്‍ധിപ്പിക്കുന്നത്.

© 2022 Live Kerala News. All Rights Reserved.