ഐഎസില്‍ ചേര്‍ന്നതായി കരുതപ്പെടുന്ന നിമിഷ ഫാത്തിമയുടെ അമ്മ എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയിലേക്ക്

തിരുവനന്തപുരം: ഐഎസില്‍ ചേര്‍ന്നതായി കരുതപ്പെടുന്ന തിരുവനന്തപുരംആറ്റുകാല്‍ സ്വദേശിനി നിമിഷ ഫാത്തിമയുടെ അമ്മ സുപ്രീംകോടതിയിലേക്ക്. മകളെ കാണാതായി ഒരു വര്‍ഷം പിന്നിടുമ്പോഴും കേസില്‍ പുരോഗതിയുണ്ടാകാത്ത സാഹചര്യത്തില്‍ എന്‍ഐഎ (ദേശീയ അന്വേഷണ ഏജന്‍സി) ആവശ്യപ്പെട്ടാണ് നിമിഷയുടെ അമ്മ ബിന്ദു സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നത്.
കഴിഞ്ഞ വര്‍ഷം ജൂണ്‍ നാലിനാണ് നിമിഷയുടെ അവസാന സന്ദേശം ബിന്ദുവിന് ലഭിക്കുന്നത്. എവിടെയാണെന്ന കാര്യം സന്ദേശത്തില്‍ നിമിഷ വ്യക്തമാക്കിയിരുന്നില്ല. നിമിഷ ശ്രീലങ്കയിലാണെന്നും കാര്‍പെറ്റ് വ്യാപാരത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്നുമുള്ള സ്ഥിരീകരിക്കാത്ത വിവരം ലഭിച്ചിട്ടുണ്ടെന്ന് ബിന്ദു പറയുന്നു. അവളുടെ ഭര്‍ത്താവും കുടുംബവും അവിടെയുണ്ടെന്നാണ് വിവരം. പക്ഷേ ഇതേക്കുറിച്ചൊന്നും കൃത്യതയില്ലെന്നും ബിന്ദു പറയുന്നു.
മകളെ കാണാതായി ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു. കേസില്‍ കൃത്യമായ അന്വേഷണമല്ല നടക്കുന്നത്. തന്റെ മകള്‍ക്ക് സംഭവിച്ചത് മറ്റൊരു പെണ്‍കുട്ടിയ്ക്കും സംഭവിക്കരുത്. അതുകൊണ്ടാണ് സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നത്. എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി ഫയല്‍ ചെയ്യുമെന്നും ബിന്ദു കൂട്ടിച്ചര്‍ത്തു.
2016 ജൂലൈയിലാണ് നിമിഷയെ കാണാതായ വിവരം പുറംലോകമറിയുന്നത്. നിമിഷക്കൊപ്പം പാലക്കാട് സ്വദേശിയും ഭര്‍ത്താവുമായ യാഹിയ, സഹോദരന്‍ ഇസ, ഇസയുടെ ഭാര്യ മരിയ എന്നിവരെയും കാണാതായിരുന്നു. ഹിന്ദുവായിരുന്ന നിമിഷയെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയയാക്കി എന്ന ആരോപണം ഉയര്‍ന്നിരുന്നു. കാസര്‍ഗോഡ് പൊയിനാച്ചി സെഞ്ചുറി ഡെന്റല്‍ കോളെജില്‍ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായിരിക്കെ 2013 സെപ്തംബറിലാണ് നിമിഷ മതപരിവര്‍ത്തനം നടത്തി ഫാത്തിമ എന്ന പേര് സ്വീകരിച്ചതെന്ന് പോലീസ് രേഖകളിലുണ്ട്. സെക്രട്ടേറിയറ്റിനു പിന്നിലുള്ള ഊറ്റുകുഴിയിലെ സലഫി സെന്ററില്‍വെച്ചായിരുന്ന മതം മാറ്റമെന്നും പോലീസ് രേഖകളില്‍ പറയുന്നു.

© 2022 Live Kerala News. All Rights Reserved.