സ്വന്തം സംസ്ഥാനത്ത് കയറാന്‍ സുപ്രീം കോടതി വിലക്കിയ അമിത് ഷായാണ് കേരളത്തെ അപമാനിക്കാന്‍ നടക്കുന്നത്: കാനം; ബിജെപിയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസുമായി ചേരുന്നതില്‍ തെറ്റില്ല

തിരുവനന്തപുരം: ഏഴുകൊല്ലം സ്വന്തം സംസ്ഥാനത്തു പ്രവേശിക്കാന്‍ സുപ്രീംകോടതി വിലക്കിയ അമിത് ഷായാണ് കേരളത്തെ അപകീര്‍ത്തിപ്പെടുത്താന്‍ യാത്ര നടത്തിയതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സംസ്ഥാനത്ത് നുഴഞ്ഞുകയറി സംഘര്‍ഷളുണ്ടാക്കാനാണ് ബിജെപി ദേശീയ നേതാക്കള്‍ കുമ്മനത്തിന്റെ ജനരക്ഷാ യാത്രയിലൂടെ ശ്രമിച്ചതെന്നും കാനം ആരോപിച്ചു. സംസ്ഥാനത്തിനെതിരെ പ്രചാരണം നടത്തുന്നവര്‍ കേരളത്തിലെ ജനങ്ങളെ ഒന്നടങ്കം അപമാനപ്പെടുത്താനാണ് ശ്രമിച്ചതെന്നും കാനം കുറ്റപ്പെടുത്തി.
സൊഹ്‌റാബുദ്ദീന്‍ ഷെയ്ക്ക് ഏറ്റുമുട്ടല്‍ കേസില്‍ 2010 ഒക്ടോബറില്‍ സുപ്രീംകോടതി വിധി വന്ന ശേഷം 2017 സെപ്തംബറിലാണ് അമിത് ഷായ്ക്ക് ഗുജറാത്തില്‍ പ്രവേശനം സാധ്യമായത്. ഇത് ചൂണ്ടികാണിച്ചാണ് അമിത് ഷായുടെ പ്രചരണങ്ങളെ കാനം വിമര്‍ശിച്ചത്.
രാജ്യത്തെ ബാധിക്കുന്ന പൊതു വിഷയങ്ങളില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള കക്ഷികളുമായി യോജിച്ച് പ്രവര്‍ത്തിച്ച് ബിജെപിയെ പ്രതിരോധിക്കുന്നതില്‍ തെറ്റില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി പറഞ്ഞു. കോണ്‍ഗ്രസിനെ തൊടാന്‍ പാടില്ലെന്ന് ആരാണ് പറഞ്ഞതെന്നും ബിജെപിയുടെ വര്‍ഗീയ നയങ്ങളെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ് അടക്കം മറ്റ് കക്ഷികളെ മാറ്റിനിര്‍ത്തേണ്ടതില്ലെന്നും കാനം പറഞ്ഞു. തെരഞ്ഞെടുപ്പില്‍ നിലപാടുകള്‍ വ്യത്യസ്തമാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി പറഞ്ഞു. ഈ വിഷയത്തില്‍ സിപിഐ നിലപാട് പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷം പ്രഖ്യാപിക്കും.

കേരള കോണ്‍ഗ്രസ് എമ്മിന്റെ എല്‍ഡിഎഫ് പ്രവേശനം ചര്‍ച്ചയാകുന്ന സാഹചര്യത്തില്‍ സിപിഐ സ്ഥിരമായി ഉയര്‍ത്തിയ എതിര്‍ നിലപാട് ആവര്‍ത്തിക്കാനും കാനം മടിച്ചില്ല. എല്‍ഡിഎഫിലേക്ക് പുതിയ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പ്രവേശനത്തിനുള്ള അപേ ക്ഷണിച്ചിട്ടില്ലെന്നും നിലവില്‍ അപകടകരമായ അവസ്ഥ ഒന്നും എല്‍ഡിഎഫില്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. അപകടമുണ്ടെങ്കിലല്ലേ അയല്‍ക്കാരെ വിളിച്ചു കൂട്ടേണ്ടതുള്ളുവെന്ന് പറയാനും കാനം മടിച്ചില്ല.

© 2024 Live Kerala News. All Rights Reserved.