ഒഴിവുകഴിവുകള്‍ പറഞ്ഞൊഴിയുന്നത് ഒരു നല്ല നേതാവിന് ചേര്‍ന്നതല്ല; മോഡിക്കെതിരെ വിമര്‍ശനമുന്നയിച്ച് രാഹുല്‍

പ്രധാനമന്ത്രി രണ്ട് പ്രധാന പ്രശ്‌നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ താന്‍ ഉപദേശിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി. രാജ്യത്തെ യുവാക്കളുടെയും, കര്‍ഷകരുടെയും പ്രശ്‌നങ്ങളിലാണ് അദ്ദേഹം ശ്രദ്ധകേന്ദ്രീകരിക്കേണ്ടത്. ഒഴിവുകഴിവുകള്‍ പറഞ്ഞൊഴിയുന്നത് ഒരു നല്ല നേതാവിന് ചേര്‍ന്നതല്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
നമ്മുടെ യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയാത്ത സര്‍ക്കാരാണ് ഗുരുതരമായ പ്രശ്‌നമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ചൈനയില്‍ പ്രതിദിനം 50,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമ്പോള്‍. മോഡിക്ക് കീഴില്‍ ഇന്ത്യയില്‍ ഉണ്ടാക്കുന്നത് 450 തൊഴിലവസരങ്ങള്‍ മാത്രമാണ്. കാര്‍ഷിക പ്രതിസന്ധിയും, കര്‍ഷക ആത്മഹത്യയുമാണ് രാജ്യം നേരിടുന്ന മറ്റൊരു വെല്ലുവിളിയാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോഡി അദ്ദേഹം രാജ്യത്തെ സംഭവവികാസങ്ങളില്‍ ഇടപെടാതെ ഒഴിവുകഴിവുകള്‍ പറഞ്ഞ് പിന്മാറുകയാണ്. സര്‍ക്കാരിന്റെ മൂന്നരവര്‍ഷത്തിനിടെ ചെയ്യാന്‍ സാധിക്കാത്തവരാണ് അടുത്ത ഒന്നര വര്‍ഷത്തിനകം എല്ലാം ശരിയാക്കാമെന്ന് പറയുന്നതെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
തന്റെ മണ്ഡലമായ അമേഠിയിലെ ത്രിദിന സന്ദര്‍ശനത്തിന്റെ രണ്ടാംദിനം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുല്‍. 90 കോടിയുടെ ആശുപത്രി, എഫ് എം റേഡിയോ, സൈനിക് സ്‌കൂള്‍, ഫര്‍സതഗഞ്ജിലെ രാജീവ് ഗാന്ധി ദേശീയ ഏവിയേഷന്‍ യൂണിവേഴ്‌സിറ്റി, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് എന്നിങ്ങനെ കോണ്‍ഗ്രസ് അമേഠിയില്‍ നടപ്പിലാക്കിയ പദ്ധതികളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.

റായ് ബറേലി-അമേത്തി റെയില്‍ പാത, ഇരട്ടിപ്പ്, റയില്‍വേ സ്റ്റേഷനിലെ മള്‍ട്ടി ഫങ്ഷണല്‍ കോംപ്ലക്‌സ്, ലക്‌നൗ സുല്‍ത്താന്‍പൂര്‍ എന്‍എച്ച് 56, ദേശീയപാത ബൈപാസ്, ആറു ദേശീയ പാതകളും അമേത്തിയിലൂടെയാണ് കടന്നു പോകുന്നതെന്നും രാഹുല്‍ പറഞ്ഞു.
ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്ര മന്ത്രിമാരായ നിതിന്‍ ഗഡ്കരി, സ്മൃതി ഇറാനി എന്നിവരര്‍ ഈ മാസം പത്തിന് അമേഠിയില്‍ സന്ദര്‍ശന പരിപാടികള്‍ നടക്കാനിരിക്കെയാണ് രാഹുലിന്റെ മണ്ഡല സന്ദര്‍ശനം. ഉത്തര്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കനത്ത തോല്‍വി ഏറ്റുവാങ്ങിയിരുന്നു. ആറു മാസത്തിന് ശേഷമാണ് രാഹുലിന്റെ അമേഠി സന്ദര്‍ശനം.

© 2024 Live Kerala News. All Rights Reserved.