‘ജിഎസ്ടി നികുതി കുറയ്ക്കും’; വരുമാന നഷ്ടം പരിഹരിക്കുമെന്ന് അരുണ്‍ ജെയ്റ്റ്‌ലി

ജിഎസ്ടി നിരക്കുകള്‍ കുറക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. വരുമാന നഷ്ടം പരിഹരിച്ച ശേഷമായിരിക്കും ജിഎസ്ടി നിരക്ക് കുറക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. വ്യക്തമായി പ്ലാനിങ്ങോടെയല്ല ജിഎസ്ടി സമ്പ്രദായം നടപ്പിലാക്കിയതെന്ന് വിവിധ കോണുകളില്‍നിന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. ഉയര്‍ന്ന നികുതി നിരക്കുകള്‍മൂലം ചെറുകിട വ്യവസായങ്ങളെ ദോഷകരമായി ബാധിക്കുമെന്നും പഠനങ്ങള്‍ വ്യക്തമാക്കിയ സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ പുതിയ തീരുമാനം.
അതിനിടെ ജിഎസ്ടി നെറ്റ്വര്‍ക്കിലെ പ്രശ്‌നങ്ങള്‍മൂലം നികുതിയടക്കാന്‍ പറ്റാത്ത സാഹചര്യമുണ്ടായതിനെതുടര്‍ന്ന് റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള തീയതി കേന്ദ്ര സര്‍ക്കാര്‍ ഒക്ടോബര്‍ 15 വരെ നീട്ടി കഴിഞ്ഞ ദിവസം പ്രസ്താവനയിറക്കിയിരുന്നു. ജിഎസ്ടി റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ സാധിക്കാതെ വന്നത് രജിസ്റ്റര്‍ ചെയ്ത നിരവധി വ്യാപാരികളെ ബുദ്ധിമുട്ടിലാക്കിയിരുന്നു. നെറ്റ്‌വര്‍ക്കിലെ പ്രശ്നങ്ങള്‍ മൂലം ഒട്ടേറെ വ്യാപാരികള്‍ക്ക് ജൂലൈ മാസത്തെ റിട്ടേണ്‍ പോലും ഫയല്‍ ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. താമസം നേരിടുമ്പോള്‍ വ്യാപാരികള്‍ പിഴ നല്‍കുകയും വേണം.

ഇത് വന്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീയതി നീട്ടി നല്‍കിയത്. അതിനിടെ, ചെറുകിട, ഇടത്തരം സ്ഥാപനങ്ങള്‍ക്ക് മൂന്നു മാസത്തിലൊരിക്കല്‍ റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സൗകര്യത്തെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നു. മാസം തോറും നികുതി അടക്കുക, എന്നാല്‍ റിട്ടേണ്‍ ത്രൈമാസത്തില്‍ നല്‍കുക എന്ന രീതിയാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.