‘തടവുകാരുടെ വേഷത്തില്‍ ദിലീപിനെ കണ്ടപ്പോള്‍ പൊട്ടിക്കരഞ്ഞു; അവനും വിതുമ്പി’; അവസരമൊത്താല്‍ ഇനിയും ജയിലില്‍ പോയി ദിലീപിനെ കാണുമെന്ന് ഹരിശ്രീ അശോകന്‍

ദിലീപിനെ തടവുകാരുടെ വേഷത്തില്‍ കണ്ടപ്പോള്‍ താന്‍ പൊട്ടിക്കരഞ്ഞുവെന്ന് നടന്‍ ഹരിശ്രീ അശോകന്‍. എന്നെ കണ്ടപ്പോള്‍ അവനും വിതുമ്പി. ദിലീപ് തെറ്റ് ചെയ്തിട്ടില്ല എന്നാണ് തന്റെ മനസ്സ് പറയുന്നത്. തെറ്റ് ചെയ്തെന്ന് കോടതി കണ്ടെത്തും മുമ്പ് മാധ്യമങ്ങളും ജനങ്ങളും അവനെ വിചാരണ ചെയ്യരുതെന്നും ഹരിശ്രീ അശോകന്‍ പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. റിയാദില്‍ കെഎംസിസി സംഘടിപ്പിക്കുന്ന ഫുട്ബാള്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ മത്സര ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഹരിശ്രീ അശോകന്‍.

“റണ്‍വേ സിനിമയിലാണ് ദിലീപിനെ ഞാന്‍ ആദ്യമായി ജയില്‍പുളളിയുടെ വേഷത്തില്‍ കാണുന്നത്. എന്നാല്‍ യഥാര്‍ഥ ജീവിതത്തില്‍ അങ്ങനെ കാണേണ്ടി വന്നത് എനിക്ക് സഹിക്കാനായില്ല. ഞാന്‍ പൊട്ടിക്കരഞ്ഞു. എന്താടാ ദിലീപേ ഇത് എന്ന് ഞാന്‍ ചോദിച്ചു. എനിക്കൊന്നും അറിയില്ല അശോകേട്ടാ എന്നവന്‍ മറുപടി പറഞ്ഞു. നീ തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ നീ ദൈവത്തോട് പ്രാര്‍ഥിക്കുക. ഞാനും കുടുംബവും നിനക്കായി പ്രാര്‍ത്ഥിക്കും എന്നാശ്വസിപ്പിച്ചു. അനുവദിച്ച് കിട്ടിയ പതിനഞ്ച് മിനിറ്റ് കണ്ണുകള്‍ നിറച്ച് പരസ്പരം നോക്കി നിന്നു. ദിലീപിനെ ജയിലില്‍ പോയി കാണുന്നതിന് എനിക്കാരെയും പേടിയില്ല. നിയമം ലംഘിച്ചല്ല, നിയമപരമായി കാണാനുള്ള അനുമതി തേടിയാണ് സന്ദര്‍ശനം നടത്തുന്നത്. പൊതു സമൂഹവും മറ്റുള്ളവരും എന്ത് കരുതും എന്നത് ഇക്കാര്യത്തില്‍ പ്രശ്നമല്ല. അവസരം ഒത്തു വന്നാല്‍ ഇനിയും സന്ദര്‍ശനം നടത്തും.”
ഹരിശ്രീ അശോകന്‍

പറശ്ശിനിക്കടവില്‍ തൊഴാന്‍ പോയപ്പോള്‍ പ്രായം ചെന്ന അമ്മമാര്‍ വന്ന് തന്നോട് ചോദിച്ചു, ഞങ്ങളുടെ ദിലീപ് എന്നാണ് പുറത്ത് വരിക. ദിലീപിനെ സ്‌നേഹിക്കുന്നവര്‍ ഇതൊന്നും വിശ്വസിക്കുന്നില്ല എന്നതിനുള്ള തെളിവല്ലേ ഇത് എന്നും ഹരിശ്രീ അശോകന്‍ ചോദിച്ചു. ദിലീപുമായി കഴിഞ്ഞ രണ്ട് വര്‍ഷമായി അടുത്ത ബന്ധം കുറവാണ്. നൂറു രൂപ കടം ചോദിച്ചിട്ട് കൊടുക്കാത്തവരും ഇന്ന് ദിലീപിന്റെ ശത്രുക്കളാണ്. മാധ്യമങ്ങള്‍ക്ക് ഇതൊരു കച്ചവടമാണ്. അവര്‍ പറയുന്നത് എല്ലാം ശരിയാണ് എന്ന് തോന്നുന്നില്ല. സിനിമകളില്‍ നിന്ന് ദിലീപ് ആളുകളെ ഒഴിവാക്കാന്‍ ശ്രമിച്ചിരുന്നു എന്ന വാദത്തോട് യോചിപ്പില്ല. സിനിമ നല്ലതാണെങ്കില്‍ ഓടും അക്കാര്യത്തില്‍ സംശയമില്ല. രാമലീലയുടെ കാര്യത്തിലും അത് തന്നെയാണ് തനിക്ക് പറയാനുള്ളതെന്നും അദ്ദേഹം പറഞ്ഞു.

© 2022 Live Kerala News. All Rights Reserved.