മൂന്ന് സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനത്തിന് സുപ്രീം കോടതി അംഗീകരിച്ചു; തീരുമാനം വിദ്യാര്‍ത്ഥികളുടെ ഭാവി കണക്കിലെടുത്ത്

മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അംഗീകാരം റദ്ദാക്കിയതിനെ തുടര്‍ന്ന് സുപ്രീം കോടതിയെ സമീപിച്ച മൂന്ന് മെഡിക്കല്‍ കോളേജുകള്‍ക്ക് പ്രവേശനം നടത്താന്‍ സുപ്രീം കോടതി അനുമതി നല്‍കി. അടൂര്‍ മൗണ്ട് സിയോണ്‍, തൊടുപുഴ അല്‍ അഹ്‌സര്‍, ഡിഎം വയനാട് എന്നീ കോളേജുകളിലെ പ്രവേശനമാണ് സുപ്രീം കോടതി അംഗീകരിച്ചത്.
കുട്ടികളുടെ ഭാവി കണക്കിലെടുത്ത് കൊണ്ട് മാത്രമാണ് മൂന്ന് മെഡിക്കല്‍ കോളേജുകളിലെയും പ്രവേശനം അംഗീകരിക്കുന്നതെന്ന് സുപ്രീം കോടതി പറഞ്ഞു. കേസില്‍ കോടതി ഉത്തരവ് പുറപ്പെടുവിച്ചില്ല. ഇതുമായി ബന്ധപ്പെട്ട ഇടക്കാല ഉത്തരവ് പിന്നീട് പുറത്തിറക്കുമെന്ന് കോടതി പറഞ്ഞു.
നേരത്തെ ഈ മുന്ന് കോളേജുകള്‍ക്കും യോഗ്യതയില്ല, ആവശ്യത്തിന് അധ്യാപകരില്ല എന്ന് എന്ന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചൂണ്ടിക്കാട്ടിയിരുന്നു. എംസിഐയുടെ വാദങ്ങള്‍ തള്ളികൊണ്ടാണ് 400 വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തിന് സുപ്രീം കോടതി അനുമതി നല്‍കിയത്.

പ്രവേശന നടപടികളില്‍ വസ്തുതകള്‍ പരിശോധിച്ച് രണ്ടംഗ ബെഞ്ചിന് തീരുമാനം എടുക്കാമെന്ന് ചീഫ് ജസ്റ്റിസ് ഇന്നലെ വ്യക്തമാക്കിയിരുന്നു. വിദ്യാര്‍ത്ഥികളുടെ ഭാവി കണക്കിലെടുത്ത് പ്രവേശനത്തിന് അനുമതി നല്‍കണമെന്ന ആവശ്യം സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് വച്ചിരുന്നു.

© 2024 Live Kerala News. All Rights Reserved.