‘അഭയാര്‍ത്ഥികളല്ല അനധികൃത കുടിയേറ്റക്കാര്‍’; റോഹിങ്ക്യന്‍ മുസ്ലിങ്ങളെ തിരിച്ചയക്കുമെന്ന നിലപാട് കടുപ്പിച്ച് രാജ്‌നാഥ് സിങ്

ന്യൂഡല്‍ഹി:റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ തിരിച്ചയക്കുമെന്ന നിലപാട് കടുപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. റോഹിങ്ക്യന്‍ മുസ്ലീങ്ങള്‍ അഭയാര്‍ത്ഥികളെല്ലെന്നും അനധികൃത കുടിയേറ്റക്കാരാണെന്നും ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. ഇവരെ തിരിച്ചയക്കുമെന്ന നിലപാടില്‍ മാറ്റമില്ലെന്നും രാജ്‌നാഥ് സിങ് കൂട്ടിച്ചേര്‍ത്തു. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സംഘടിപ്പിച്ച സെമിനാറിലായിരുന്നു രാജ്‌നാഥ് സിങ്ങിന്റെ പ്രതികരണം.
മതിയായ സുരക്ഷ ഉറപ്പാക്കാതെ റോഹിങ്ക്യന്‍ മുസ്ലിങ്ങളെ തിരിച്ചയക്കരുതെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ എച്ച് എല്‍ ദത്തു അഭിപ്രായപ്പെട്ടു. ഇന്ത്യയില്‍ അഭയം തേടിയെത്തിയ റോഹിങ്ക്യന്‍ മുസ്ലിങ്ങളെ പിന്തുണയക്കുന്ന നിലപാടാണ് എച്ച്.എല്‍ ദത്തു സ്വീകരിച്ചത്.
തിരിച്ചെടുക്കുമെന്ന് മ്യാന്‍മര്‍ പ്രധാനമന്ത്രി ആങ് സാന്‍ സ്യൂചി വ്യക്തമാക്കിയ സാഹചര്യത്തില്‍ റോഹിങ്ക്യകളുടെ മനുഷ്യാവകാശത്തെക്കുറിച്ച് വേവലാതി വേണ്ടെന്നായിരുന്നു രാജ്‌നാഥ് സിങ്ങിന്റെ നിലപാട്.

മ്യാന്‍മറില്‍ നിന്നും ഇന്ത്യയിലെത്തിയ റോഹിങ്ക്യന്‍ മുസ്ലിങ്ങളെ തിരിച്ചയക്കുന്നത് കൊണ്ട് അന്തരാഷ്ട്ര ഉടമ്പടികളൊന്നും ഇന്ത്യ ലംഘിക്കുന്നില്ലെന്നും രാജ്‌നാഥ് സിങ് വ്യക്തമാക്കി.

© 2022 Live Kerala News. All Rights Reserved.