ജിഎസ്ടി വരുമാനത്തിൽ വൻ ഇടിവ്; ചെലവുകൾ വെട്ടിച്ചുരുക്കാൻ കേന്ദ്രം ഒരുങ്ങുന്നു

നികുതി വരുമാനത്തിലുണ്ടായ വലിയ ഇടിവിന്റെ പശ്ചാത്തലത്തിൽ റെയിൽവേ. റോഡ് നിർമാണം തുടങ്ങിയ മേഖലകളിൽ നിക്ഷേപം വെട്ടിച്ചുരുക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. ധനകാര്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ചു റോയിട്ടേഴ്‌സ് വാർത്ത ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തൊഴിൽ അവസരങ്ങളെ ഏറെ പ്രതികൂലമായി ബാധിക്കുന്ന ഈ നീക്കം സാമ്പത്തിക രംഗത്ത് പ്രകടമായ മാന്ദ്യത്തിന്റെ സാഹചര്യത്തിലാണ് സർക്കാർ കൈക്കൊണ്ടിരിക്കുന്നത്.
50,700 കോടി രൂപയാണ് ജൂലൈ മാസത്തിൽ ജി. എസ് . ടി നികുതി വരുമാനം വഴി കേന്ദ്രത്തിനു ലഭിച്ചത്. പ്രതീക്ഷിച്ച വരുമാനത്തിന്റെ പകുതിയിൽ അല്പം കൂടുതൽ മാത്രമാണ് ലഭ്യമായത്. ജി. എസ്. ടി ഏർപെടുത്തിയതിനെ തുടർന്ന് വ്യാപാര മേഖലയിൽ ഉണ്ടായ അനിശ്ചിതാവസ്ഥയും ആശങ്കയുമാണ് വരുമാനം കുറയാൻ കാരണമായിരിക്കുന്നത്. ദശലക്ഷ കണക്കിന് വ്യാപാര സ്ഥാപനങ്ങൾക്ക് പുതിയ നികുതി സമ്പ്രദായവുമായി ഇനിയും പൊരുത്തപ്പെടുവാൻ സാധിച്ചിട്ടില്ലെന്ന് ഏജൻസി വാർത്തയിൽ പറയുന്നു.
ആദ്യനികുതി റിട്ടേൺ പോലും പലർക്കും സമർപ്പിക്കാൻ കഴിഞ്ഞിട്ടില്ല. വ്യപാര രംഗത്തുള്ളവർക്കും വിദഗ്ധർക്കും ഒരു എത്തും പിടിയും കിട്ടാത്ത അവസ്ഥ. പ്രതീക്ഷക്കു വിരുദ്ധമായ അവസ്ഥ, വരുമാന കാര്യത്തിൽ ഇത് സൃഷ്ടിച്ചിരിക്കുന്നു. ഏപ്രിൽ – ജൂൺ ക്വർട്ടറിൽ സാമ്ബത്തിക വളർച്ച ഏറെ താഴെ പോയിരിക്കുന്നത് സർക്കാരിനെ ഏറെ ആശങ്ക പെടുത്തുന്നുണ്ട്. വളർച്ച നിരക്ക് കഴിഞ്ഞ വർഷത്തെ 7 .9 ശതമാനത്തിൽ നിന്ന് 5 .7 ശതമാനത്തിലേക്കാണ് താഴ്ന്നിരിക്കുന്നത്. വരും മാസങ്ങളിലും വലിയ ഒരു തിരിച്ചു വരവ് പ്രതീക്ഷിക്കുന്നില്ല. ഇത് നികുതി വരവിനെ കൂടുത പ്രതിസന്ധിയിലാക്കുമെന്നാണ് കരുതുന്നത്.
ധൃതി പിടിച്ചു ജി. എസ് . ടി നടപ്പാക്കിയത് സമ്പദ്ഘടനക്കു വലിയ ആഘാതം സൃഷ്ടിച്ചതായി മുൻ പ്രധാന മന്ത്രി മൻമോഹൻ സിങ് കടുത്ത വിമർശനം ഉന്നയിച്ചിട്ടുണ്ട്. സാമ്പത്തിക വര്ഷം അവസാനിക്കുമ്പോൾ 80,000 കോടി രൂപയുടെയെങ്കിലും നികുതി ചോർച്ച ഉണ്ടാകുമെന്നു ധന മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥൻ വ്യക്തമാക്കി. തീർച്ചയായും ചെലവുകൾ വെട്ടികുറക്കാതെ നിർവാഹമില്ല – അദ്ദേഹം പറയുന്നു. വലിയ സാമ്പത്തിക കുഴപ്പങ്ങളിലെക്കാണ് ഇത് വിരൽ ചൂണ്ടുന്നത്.

പൊതു ചെലവുകൾ വെട്ടികുറക്കുന്നില്ലെങ്കിൽ ധനകമ്മി കാര്യമായ തോതിൽ ഉയരും. ധനകമ്മി 3 .2 ശതമാനമാക്കി ചുരുക്കി കൊണ്ട് വരാനാണ് കഴിഞ്ഞ ബഡ്ജറ്റ് ലക്ഷ്യമിട്ടിരിക്കുന്നത്. . കഴിഞ്ഞ ബജറ്റിൽ റെയിൽവേ വികസനത്തിന് 55,000 കോടി രൂപയും റോഡ് വികസനത്തിന് 64,000 കോടി രൂപയുമാണ് വകയിരുത്തിയത്. പുതിയ സാഹചര്യത്തിൽ ഇതിന്റെ പകുതി മാത്രമേ ചെലവഴിക്കാൻ സാധ്യതയുള്ളൂ എന്നാണ് ധനമന്ത്രാലയം നൽകുന്ന സൂചന. നോട്ട് നിരോധനവും ജി. എസ്. ടിയും വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് രാജ്യത്തെ നയിക്കുന്നതെന്ന വിമർശനം ശക്തമായി ഉയരുന്ന സാഹചര്യത്തിലാണ് കേന്ദ്രം പുതിയ മാർഗങ്ങൾ തേടുന്നത്.

© 2024 Live Kerala News. All Rights Reserved.