സംസ്ഥാനത്ത് കനത്ത മഴയില്‍ ഒരു മരണം; പലയിടത്തും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും

കേരളത്തില്‍ ഇന്നും പലയിടത്തും കനത്ത മഴ തുടരുന്നു. കൊച്ചി, കോഴിക്കോട് ജില്ലകളിലും ഇടുക്കി പാലക്കാട് ജില്ലകളുടെ മലയോര മേഖലകളിലും മഴ തുടരുകയാണ്. കൊച്ചി ധനുഷ് കോടി ദേശീയ പാതയില്‍ മരം വീണ് ബൈക്ക് യാത്രികന്‍ മരിച്ചു. ആനയിറങ്കല്‍ പന്തരിക്കളം സ്വദേശി സ്വദേശി മനു ആണ് മരിച്ചത്. കോതമംഗലത്ത് ഒഴുക്കില്‍പ്പെട്ട് ഒരാളെ കാണാതായി.
കൊച്ചി വൈറ്റില പവര്‍ഹൗസിനടുത്ത് മരം കടപുഴകി വീണു. തൃപ്പൂണിത്തുറ റൂട്ടില്‍ മരം കടപുഴകി വീണു. തൃപ്പൂണിത്തുറ റൂട്ടില്‍ പത്താം വളവില്‍ മലയിടിഞ്ഞു. കാഞ്ഞിരപ്പുഴ പൂഞ്ചോലയില്‍ ഉരുള്‍പൊട്ടി. മൂന്നു വീടുകള്‍ തകര്‍ന്നു. അപകട സാധ്യത കണക്കിലെടുത്ത് പാലക്കാട് അട്ടപ്പാടി ചുരത്തിലൂടെ ഗതാഗതം നിരോധിച്ചിരിക്കുകയാണ്. അട്ടപ്പാടി ചുരത്തിലെ പതിനഞ്ച് ഇടങ്ങളില്‍ ഇന്നലെ മണ്ണിടിഞ്ഞിരുന്നു. പലയിടത്തും കൂറ്റന്‍ പാറക്കല്ലുകള്‍ വീണു കിടക്കുകയാണ്.
ശക്തമായ കാറ്റോട് കൂടിയാണ് മഴ പെയ്യുന്നത്. അഞ്ചു വര്‍ഷത്തിനിടെ സംസ്ഥാനത്തുണ്ടായ ഏറ്റവും കനത്ത മഴയാണിത്. അടുത്ത രണ്ടു ദിവസങ്ങളിലും മഴ തുടരുമെന്ന് കാലാവസ്ഥാ പ്രവചനത്തെ തുടര്‍ന്ന് കളക്ടര്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അഗ്നി ശമന സേനയോടും ദുരന്ത നിവാരണ വിഭാഗത്തോടും മുന്‍ കരുതലുകളെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി.

മലപ്പുറം, തിരുവനന്തപുരം, വയനാട് ആലപ്പുഴ ജില്ലകളില്‍ മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. ഇന്നലെയും ഇന്നുമായി മഴക്കെടുതിയില്‍ ഒരു കോടി മുപ്പത് ലക്ഷം രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയിട്ടുളളത്.

© 2022 Live Kerala News. All Rights Reserved.