വ്യാജ പ്രേമം: പൊലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്ച; ഓപ്പറേഷന്‍ വിവരങ്ങള്‍ ചോരുന്നു

 

തിരുവനന്തപുരം: പ്രേമം സിനിമയുടെ വ്യാജനിറക്കിയവരെ കണ്ടെത്താനുള്ള ആന്റി പൈറസി സെല്ലിന്റെ ഓപ്പറേഷനുകള്‍ക്ക് തിരിച്ചടി. വ്യാജനിറക്കിയവരെ പിടിക്കാന്‍ കൊല്ലത്തും കൊച്ചിയിലും കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കിടെ നടത്തിയ നാല് ഓപ്പറേഷനുകള്‍ വിവരം ചോര്‍ന്നതിനെത്തുടര്‍ന്ന് പൊളിഞ്ഞു. പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും പിടികൂടേണ്ടവര്‍ മണിക്കൂറുകള്‍ക്ക് മുന്‍പേ സ്ഥലം വിട്ടിരുന്നു.

പ്രേമം സിനിമ ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്തതിന്റെ പേരില്‍ വിദ്യാര്‍ഥി പിടിയിലായ കൊല്ലത്തായിരുന്നു ആദ്യ ഓപ്പറേഷന്‍. വിദ്യാര്‍ഥിയില്‍ നിന്നും ലഭിച്ച വിവരമനുസരിച്ച് കൊല്ലം നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളില്‍ രാത്രി ഒരു മണിക്കുശേഷമായിരുന്നു അതീവ രഹസ്യമായി റെയ്ഡ് ആസൂത്രണം ചെയ്തത്. രണ്ട് യുവാക്കളുടെ താമസ സ്ഥലത്ത് പത്തംഗ ആന്റി പൈറസി സെല്‍ ഉദ്യോഗസ്ഥരെത്തിയെങ്കിലും മണിക്കൂറുകള്‍ക്ക് മുന്‍പേ അവര്‍ രക്ഷപ്പെട്ടിരുന്നു. തെളിവുകളൊന്നും ബാക്കി വയ്ക്കാതെയായിരുന്നു രക്ഷപ്പെടല്‍.

കൊച്ചിയിലായിരുന്നു അടുത്ത ഓപ്പറേഷന്‍. സിനിമക്കാരുമായി ബന്ധമുള്ള ആളെതപ്പി കൊച്ചി നഗരത്തിലെ ചില ഫ്‌ലാറ്റുകളില്‍ പോലീസ് റെയ്ഡ് നടത്തി. ആരെയും പിടികൂടാനായില്ല. കിട്ടിയ കമ്പ്യൂട്ടറും സിഡിയുമായി സംഘം മടങ്ങി. കമ്പ്യൂട്ടറില്‍ നിന്നും ഒരു വിവരവും ലഭിച്ചില്ല. ഇതിനുശേഷം രണ്ടു തവണ കൊല്ലം കേന്ദ്രീകരിച്ച് റെയ്ഡ് നടത്തിയെങ്കിലും പരാജയമായിരുന്നു ഫലം.

കൊല്ലത്തുനിന്നും യുവാവിനെ പിടികൂടിയശേഷം അന്വേഷണത്തില്‍ കാര്യമായ ഒരു പുരോഗതിയും ഉണ്ടാക്കാന്‍ സംഘത്തിന് സാധിച്ചിട്ടില്ല. പ്രേമം സിനിമയുടെ കോപ്പി പല കൂട്ടുകാരുടേയും കയ്യില്‍ ഉണ്ടായിരുന്നതായും ഇന്റര്‍നെറ്റില്‍ ഇടുകമാത്രമാണ് താന്‍ ചെയ്തതെന്നും പിടിയിലായ വിദ്യാര്‍ഥി പോലീസിനെ അറിയിച്ചിരുന്നു. എന്നാല്‍, വിദ്യാര്‍ഥിക്ക് കോപ്പി നല്‍കിയവരെക്കുറിച്ചുള്ള അന്വേഷണം അധികദൂരം പോയില്ല. ചില ഉന്നത ഇടപെടലുകളാണ് അന്വേഷണം ഇഴയാന്‍ കാരണമെന്നാണ് ലഭിക്കുന്ന വിവരം. അന്വേഷണം നീളുന്നതില്‍ സിനിമാ മേഖലയ്ക്കും അതൃപ്തിയുണ്ട്.

ഇതിനു പിന്നാലെയാണ് പ്രേമം സിനിമയുടെ വ്യാജ പതിപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ആന്റി പൈറസി സെല്ലിന്റെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായതായി കണ്ടെത്തിയിരിക്കുന്നത്. പിടിച്ചെടുത്ത ഹാര്‍ഡ് ഡിസ്‌ക് ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചില്ല. ഇതിനായി അന്വേഷണ സംഘം കോടതിയില്‍ അപേക്ഷ നല്‍കിയില്ല. ഫൊറന്‍സിക് പരിശോധന ഫലം ലഭിച്ചാലുടന്‍ അറസ്റ്റ് എന്ന ആന്റി പൈറസ് സെല്‍ എസ്പിയുടെ വാദം ഇതോടെ പൊളിഞ്ഞു.

പ്രേമം സിനിമയുടെ വ്യാജപതിപ്പിനു പിന്നിലെ പ്രതികളെ തിരിച്ചറിഞ്ഞെന്നും ഇവരുടെ അറസ്റ്റ് ഉടനുണ്ടാകുമെന്നുമായിരുന്നു കഴിഞ്ഞ ദിവസം ആന്റി പൈറസ് സെല്‍ എസ്പി പറഞ്ഞത്. ഫൊറന്‍സിക് റിപ്പോര്‍ട്ട് രണ്ടു മൂന്നു ദിവസത്തിനകം ലഭിക്കും. അതു കിട്ടിയശേഷം അറസ്റ്റ് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. മാത്രമല്ല പ്രേമം സിനിമ ചോര്‍ന്നത് അണിയറ പ്രവര്‍ത്തകരുടെ കൈയ്യിലെ ഹാര്‍ഡ് ഡിസ്‌കില്‍ നിന്നാണെന്നു കണ്ടെത്തിയിരുന്നു. ഈ ഹാര്‍ഡ് ഡിസ്‌ക് അന്വേഷണ സംഘം കോടതിക്കു കൈമാറുകയും ചെയ്തു.

എന്നാല്‍ കോടതിയില്‍ നിന്നും ഹാര്‍ഡ് ഡിസ്‌ക് ഫൊറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കാനായി ഒരു നടപടിയും അന്വേഷണ സംഘം ഇതുവരെ സ്വീകരിച്ചിട്ടില്ല.

© 2024 Live Kerala News. All Rights Reserved.