ജെഎന്‍യു ചുവന്ന് തന്നെ!; ഇടത് സഖ്യത്തിന് വന്‍വിജയം; ജനറല്‍ സീറ്റുകള്‍ തൂത്തുവാരി; പ്രധാനസീറ്റുകള്‍ ഒന്നുപോലും നേടാനാകാതെ എബിവിപി

ന്യൂഡല്‍ഹി: ജവഹര്‍ ലാല്‍ നെഹ്‌റു സര്‍വ്വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഇടത് സഖ്യത്തിന് ജയം. ജനറല്‍ സീറ്റുകള്‍ എല്ലാം ഇടത് സഖ്യം തൂത്തുവാരി. പ്രധാനപ്പെട്ട നാല് സീറ്റുകളില്‍ ഒന്നും പോലും നേടാനാകാതെ എബിവിപി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ഇടത് സ്ഥാനാര്‍ത്ഥി ഐസയുടെ ഗീതാകുമാരി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. എബിവിപിയുടെ നിധി ത്രിപാഥിയെ 464 വോട്ടിന് ഗീതാകുമാരി പരാജയപ്പെടുത്തി. ബാപ്‌സ (ബിര്‍സ അംബേദ്കര്‍ ഫൂലേ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍) സ്ഥാനാര്‍ത്ഥി ഷബാന അലി 935 വോട്ടുകള്‍ നേടി. ആകെ പോള്‍ ചെയ്ത 4639 വോട്ടുകളില്‍ 4620 വോട്ടുകളാണ് എണ്ണപ്പെട്ടത്. 19 വോട്ടുകള്‍ അസാധുവായി.

4,620ല്‍ 1876 വോട്ടുകള്‍ നേടി ഐസയുടെ സിമോണ്‍ സോയ ഖാന്‍ വൈസ്പ്രസിഡന്റായി ജയിച്ചുകയറി. 1028 വോട്ട് നേടിയ എബിവിപി സ്ഥാനാര്‍ത്ഥി ദുര്‍ഗേഷ് കുമാറിനെയാണ് സിമോണ്‍ തോല്‍പിച്ചത്. 848 വോട്ടാണ് സിമോണിന്റെ ഭൂരിപക്ഷം.
2082 വോട്ടുകള്‍ നേടി എസ്എഫ്‌ഐയുടെ ഇടത് സഖ്യ സ്ഥാനാര്‍ത്ഥി ദുഗ്ഗിരള ശ്രീക്രിഷ ജനറല്‍ സെക്രട്ടറായി തെരഞ്ഞെടുക്കപ്പെട്ടു. എബിവിപി സ്ഥാനാര്‍ത്ഥി നികുഞ്ജ് മക്‌വാന 975 വോട്ടുകള്‍ നേടി. 1107 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സഖ്യത്തിലെ എസ്എഫ്‌ഐ പ്രതിനിധിയുടെ ജയം.
ഡിഎസ്എഫിന്റെ ഇടത് സ്ഥാനാര്‍ത്ഥി ശുഭാന്‍ഷു സിങ് 1755 വോട്ട് നേടി ജോയിന്റ് സെക്രട്ടറിയായി. 835 വോട്ടിനാണ് ശുഭാന്‍ഷു സിങ്ങിന്റെ ജയം. എബിവിപി സ്ഥാനാര്‍ത്ഥി പങ്കജ് കേസരി 920 വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്തായി.

© 2022 Live Kerala News. All Rights Reserved.