ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണിനെക്കുറിച്ച് പൊലീസിന് സൂചന; നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യാനുള്ള നീക്കവും ഇതേത്തുടര്‍ന്ന്

നടി അക്രമിക്കപ്പെട്ട സംഭവത്തിലെ മുഖ്യ തെളിവായ അതിക്രമദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ നശിപ്പിക്കപ്പെട്ടിട്ടില്ലെന്ന് പൊലീസിന് സൂചന. അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവായേക്കാവുന്ന ഫോണ്‍ കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ദിലീപിന്റെ അടുത്ത സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നതെന്നും വിവരം. പൊലീസിന്റെ അറസ്റ്റ് തടയണമെന്ന നാദിര്‍ഷയുടെ ആവശ്യം ഹൈക്കോടതി ഇന്നലെ തള്ളിയിരുന്നു. അതേസമയം നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ 13ന് പരിഗണിക്കും.
നടിയെ അക്രമിച്ച സംഭവത്തിലെ മുഖ്യതെളിവായ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ ഇനിയും കണ്ടെത്താനാവാത്തത് അന്വേഷണസംഘത്തെ കുഴക്കുന്നുണ്ട്. ഈ മൊബൈല്‍ ഫോണ്‍ ദിലീപിന് കൈമാറാനായി അഭിഭാഷകനായ പ്രതീഷ് ചാക്കോയെ ഏല്‍പ്പിച്ചതായി കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി എന്ന സുനില്‍കുമാര്‍ മൊഴി നല്‍കിയിരുന്നു. പിന്നാലെ പ്രതീഷ് ചാക്കോയും സഹഅഭിഭാഷകന്‍ രാജു ജോസഫും കുറ്റസമ്മതവും നടത്തിയിരുന്നു. എന്നാല്‍ മൊബൈല്‍ ഫോണ്‍ നശിപ്പിച്ചതായുള്ള മൊഴി വ്യാജമാണെന്നാണ് പൊലീസിന്റെ നിഗമനം.

കേസുമായി ബന്ധപ്പെട്ട് വീണ്ടും ചോദ്യം ചെയ്യാനുള്ള പൊലീസ് നീക്കത്തിന് പിന്നാലെ നാദിര്‍ഷ ചികിത്സ തേടി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചിരിക്കുകയാണ്. പൊലീസിനെതിരേ ആരോപണങ്ങളും നാദിര്‍ഷ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഉയര്‍ത്തിയിരുന്നു. പ്രോസിക്യൂഷന് അനുകൂലമായി തെറ്റായ മൊഴികള്‍ നല്‍കാന്‍ സമ്മര്‍ദ്ദമുണ്ടായെന്നും അല്ലാത്തപക്ഷം അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ചികിത്സ തേടിയ ആശുപത്രിയില്‍ ഇപ്പോഴും തുടരുകയാണ് നാദിര്‍ഷ.