ഗൗരി ലങ്കേഷിന്റെ കൊലപാതകം പ്രതികളില്‍ ഒരാളുടെ ദൃശ്യം ലഭിച്ചെന്ന് സൂചന; അന്വേഷണത്തിന് ഐജിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം; ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടയാള്‍ കസ്റ്റഡിയില്‍

ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചതായി സൂചന. ഓഫീസില്‍ നിന്നും വീട്ടിലേക്കുളള വഴിയില്‍ കെട്ടിടത്തില്‍ സ്ഥാപിച്ച സിസിടിവിയെ ദൃശ്യങ്ങളാണ പൊലീസിന് ലഭിച്ചത്. ഇതില്‍ ഹെല്‍മെറ്റ് ധരിച്ച അക്രമിയുടെ ദൃശ്യം ഉണ്ടെന്നാണ് സൂചന. ബസവനഗുഡി മുതല്‍ ഇയാള്‍ ഗൗരി ലങ്കേഷിനെ പിന്തുടര്‍ന്നിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. രാത്രിയില്‍ വെളിച്ചം കുറവായതിനാല്‍ ദൃശ്യങ്ങള്‍ അവ്യക്തമാണെന്നാണ് പൊലീസ് നല്‍കുന്ന സൂചന. കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്ത് വിട്ടിട്ടില്ല.
ഗൗരി ലങ്കേഷിന്റെ വീട്ടില്‍ സ്ഥാപിച്ച സിസിടിവിയില്‍ നിന്നു ദൃശ്യങ്ങള്‍ ശേഖരിക്കാനുളള ശ്രമം തുടരുകയാണ്. ഇത് വിദഗ്ദ പരിശോധനക്കായി അയച്ചു. അതിനിടെ ഗൗരി ലങ്കേഷിനെതിരെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട ആളെ കര്‍ണാടക പൊലീസ് കസ്റ്റഡിയിലെടുത്തു. ചിക്കമംഗളൂര്‍ സ്വദേശിയെയാണ് കസ്റ്റഡിയാലയത്. പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

ഇന്നലെ രാത്രി എട്ടുമണിയോടെയാണ് ഗൗരി ലങ്കേഷ് വെടിയേറ്റ് മരിച്ചത്. ആകെ ഏഴുവട്ടമാണ് അക്രമികള്‍ വെടിയുതിര്‍ത്തത്. ഇതില്‍ നാല് വെടിയുണ്ടകള്‍ വീടിന്റെ ഭിത്തിയിലാണ് തറച്ചത്. മൂന്നെണ്ണം അവരുടെ ദേഹത്തും. രണ്ട് വെടിയുണ്ടകള്‍ നെഞ്ചിലും ഒന്ന് നെറ്റിയിലും തറച്ചു. നാലു വെടിയുണ്ടകള്‍ പൊലീസ് കണ്ടെടുത്തു. കൊലപാതകം നടന്ന സമയത്ത് രണ്ട് ബൈക്കുകളുടെ ശ്ബ്ദം കേട്ടെന്ന്് അയല്‍വാസി മൊഴിനല്‍കിയിട്ടുണ്ട്.
സിസിടിവിയില്‍ കൊലപാതകം പതിഞ്ഞിട്ടുണ്ടെന്നും അക്രമികളെ ഉടന്‍ പിടികൂടുമെന്നാണ് പ്രതീക്ഷയെന്നും ഗൗരി ലങ്കേഷിന്റെ സഹോദരന്‍ ഇന്ദ്രജിത് ലങ്കേഷ് പറഞ്ഞു. സംഭവത്തില്‍ ഇതുവരെ ദൃക്‌സാക്ഷികളെയൊന്നും കണ്ടെത്താന്‍ അന്വേഷണ സംഘത്തിനായിട്ടില്ല. ഗൗരി ലങ്കേഷ് ജോലിസ്ഥലത്തേക്കും വീട്ടിലേക്കും നടന്നിരുന്ന വഴിയിലെ സിസിടിവി ക്യാമറകളും പൊലീസ് പരിശോധിക്കുന്നു. ഗൗരിയെ ആരെങ്കിലും പിന്തുടര്‍ന്നിരുന്നോ എന്ന് അറിയാനാണിത്. ഭീഷണിയുളളതായി ഗൗരി ലങ്കേഷ് ഇതുവരെ പരാതി നല്‍കിയിട്ടില്ലെന്നും അന്വേഷണ സംഘം അറിയിച്ചു.

അന്വേഷണത്തിനായി ഐജിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ തീരുമാനിച്ചിട്ടുണ്ടെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ദരാമയ്യ പറഞ്ഞു. അന്വേഷണം സിബിഐക്ക് വിടാന്‍ സര്‍ക്കാരിന് എതിര്‍പ്പില്ല. കല്‍ബുര്‍ഗിയുടെ കൊലുപാതകവുമായി ബന്ധമുണ്ടോയെന്ന് ഇപ്പോള്‍ പറയാനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.