രണ്ട് മണിക്കൂര്‍ സമയനിഷ്ഠ പാലിച്ച് പൊലീസ്; ആലുവ മണപ്പുറത്ത് ദിലീപ് ബലിയിട്ടില്ല; കാണാനെത്തിയവരും ശാന്തം; മടങ്ങിയത് 10 മിനുട്ട് നേരത്തെ

അച്ഛന്റെ ശ്രാദ്ധച്ചടങ്ങുകളില്‍ പങ്കെടുക്കാനായി പ്രത്യേക അനുമതിയോടെ എത്തിയ ദിലീപ് തിരികെ ജയിലിലേക്ക് മടങ്ങി. ദിലീപിന് അനുവദിച്ചിരുന്ന സമയം അവസാനിക്കുന്നതിനും പത്ത് മിനിറ്റ് മുന്നെയാണ് പൊലീസ് സംഘം ദിലീപുമായി ജയിലിലേക്ക് മടങ്ങിയത്. ആലുവ ഡിവൈഎസ്പിയുടെ മേല്‍നോട്ടത്തിലുളള വലിയ സുരക്ഷാ സംഘത്തിന്റെ അകമ്പടിയോടെയാണ് ജയിലിന് ഒന്നരകിലോമീറ്റര്‍ മാത്രമുളള വീട്ടിലേക്ക് ദിലീപ് എത്തിയത്.

ശ്രാദ്ധചടങ്ങുകളില്‍ അനിയനൊപ്പം പങ്കെടുക്കുകയും ബലിയിടുകയും ചെയ്തു ദിലീപ്. അമ്മ, ഭാര്യ കാവ്യ മാധവന്‍, മകള്‍ മീനാക്ഷി എന്നിവരും ചടങ്ങിനൊപ്പം ഉണ്ടായിരുന്നു. ചടങ്ങുകള്‍ക്ക് ശേഷം ദിലീപ് വീട്ടില്‍ നിന്നും ഭക്ഷണവും കഴിച്ചു. മധുരവിതരണവും വീട്ടില്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് കണ്ണീരോടെയാണ് ഭാര്യ കാവ്യയും അമ്മയും ദിലീപിനെ യാത്രഅയച്ചത്.

സുരക്ഷാ കാരണങ്ങള്‍ പരിഗണിച്ച് ആലുവ മണപ്പുറത്തെ ചടങ്ങുകളില്‍ ദിലീപിനെ പങ്കെടുപ്പിച്ചില്ല. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്, കോടതിയുടെ അനുമതി ദുരുപയോഗം ചെയ്യരുത്, അന്വേഷണ ഉദ്യോഗസ്ഥന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കണം, ചെലവ് സ്വയം വഹിക്കണം എന്നീ ഉപാധികളോടെയാണ് ജാമ്യം ലഭിക്കാതെ തന്നെ ദിലീപ് പുറത്തിറങ്ങിയത്.ദിലീപിന് അനുകൂലമായി ഫാന്‍സ് അസോസിയേഷന്‍ പ്രകടനം നടത്താന്‍ സാധ്യതയുളളതിനാല്‍ കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.