ദിലീപിനെ കാണാന്‍ മോഹന്‍ലാലിന്റെ വിശ്വസ്തന്‍ ആന്റണി പെരുമ്പാവൂരും; ആലുവ ജയിലില്‍ മലയാള സിനിമാ താരങ്ങളുടെ പ്രവാഹം

നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനെ കാണാന്‍ നിര്‍മ്മാതാവും മോഹന്‍ലാലിന്റെ സന്തത സഹചാരിയുമായ ആന്റണി പെരുമ്പാവൂരെത്തി. ആലുവയിലെ സബ്ജയിലില്‍ ഉച്ചയ്ക്ക് രണ്ടരയ്ക്ക് ശേഷമാണ് ആന്റണി പെരുമ്പാവൂര്‍ ദിലീപിന് പിന്തുണയുമായി എത്തിയത്. നേരത്തെ ജയിലില്‍ എത്തി ദിലീപുമായി കൂടിക്കാഴ്ച നടത്തി പരസ്യപിന്തുണ പ്രഖ്യാപിച്ച ഗണേഷ് കുമാര്‍ എംഎല്‍എ മടങ്ങിയ ശേഷമാണ് ആന്റണി പെരുമ്പാവൂരിന്റെ സന്ദര്‍ശനമെന്നതും ശ്രദ്ധേയമാണ്.
സിനിമാ മേഖലയിലുളളവര്‍ ദിലീപിന് പിന്തുണ പ്രഖ്യാപിക്കണമെന്നും ജയിലിനുളളില്‍ ദിലീപുമായി അരമണിക്കൂറിലേറെ കൂടിക്കാഴ്ച നടത്തിയ ഗണേഷ് കുമാര്‍ എംഎല്‍എ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. നിര്‍മ്മാതാവ് ഹംസ, തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം, നടന്‍ സുധീര്‍ അടക്കം നിരവധി പേരാണ് ഇന്ന് ജയിലില്‍ എത്തി ദിലീപിനെ കണ്ടത്. തിരുവോണ ദിവസമായ ഇന്നലെ നടന്‍ ജയറാമും ജയിലിലെത്തി ദിലീപിനെ കണ്ട് ഓണക്കോടി നല്‍കിയിരുന്നു.

നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസില്‍ താത്കാലിക പരോളില്‍ ദിലീപ് നാളെ പുറത്തിറങ്ങാനിരിക്കെയാണ് ഗണേഷ് കുമാര്‍ അടക്കമുളള താരങ്ങളുടെ ജയില്‍ സന്ദര്‍ശനം. അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കൂടിയായ കലാഭവന്‍ ഷാജോണ്‍, സംവിധായകന്‍ രഞ്ജിത്ത്, കാവ്യ മാധവന്‍, സംവിധായകന്‍ നാദിര്‍ഷാ, നടന്മാരായ സുരേഷ് കൃഷ്ണ, കലാഭവന്‍ ഷാജോണ്‍, ഹരിശ്രീ അശോകന്‍, ഏലൂര്‍ ജോര്‍ജ് എന്നിവരും ഇക്കഴിഞ്ഞ ദിവസങ്ങളിലായി ജയിലില്‍ എത്തി ദിലീപുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഭാര്യയും നടിയുമായ കാവ്യാ മാധവനും മകളും ജൂലൈ പത്തിന് ദിലീപിനെ അറസ്റ്റ് ചെയ്തതിന് ശേഷം ആദ്യമായിട്ടാണ് കഴിഞ്ഞ ദിവസം ജയിലില്‍ എത്തിയത്. അച്ഛന്റെ ശ്രാദ്ധച്ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ദിലീപിന് അനുമതി നല്‍കിയതിന് പിന്നാലെയാണ് കാവ്യ എത്തിയത്.
സെപ്റ്റംബര്‍ ആറിന് രാവിലെ ഏഴുമുതല്‍ 11വരെ വീട്ടിലും ആലുവ മണപ്പുറത്തും നടക്കുന്ന ബലിതര്‍പ്പണ ചടങ്ങുകളില്‍ പങ്കെടുക്കാനാണ് ദിലീപിന് കോടതി അനുമതി നല്‍കിയത്. മാധ്യമങ്ങളോട് സംസാരിക്കില്ലെന്നും ശ്രാദ്ധച്ചടങ്ങുകള്‍ കഴിഞ്ഞാലുടന്‍ ജയിലില്‍ തിരിച്ചെത്താമെന്നുളള ഉറപ്പിലുമാണ് ദിലീപിന് താത്കാലിക പരോള്‍ കോടതി അനുവദിക്കുന്നതും.

© 2024 Live Kerala News. All Rights Reserved.