ഗുര്‍മീതിന്റെ പതനം പൂര്‍ണ്ണം; ജന്മനാട്ടില്‍ ഗുര്‍മീതിന്റെ ഫോട്ടോകള്‍ കാനയിലൊഴുക്കി അനുയായികള്‍

രാജസ്ഥാനിലെ ശ്രീരംഗനഗറിലെ കാനകള്‍ കുറച്ചു ദിവസമായി പ്രവര്‍ത്തിക്കാതെ മാലിന്യം കെട്ടിക്കിടക്കുകയായിരുന്നു. ഇതറിഞ്ഞ് പരിശോധിക്കാനെത്തിയതായിരുന്നു ചീഫ് സാനിറ്റേഷന്‍ ഓഫീസര്‍ ഇന്‍സ്‌പെക്ടര്‍ ദേവേന്ദ്ര റാത്തോര്‍. ഖരമാലിന്യങ്ങളോ ഇലകളോ ആവും തടസ്സത്തിനു കാരണമെന്നായിരുന്നു അദ്ദേഹം കരുതിയിരുന്നത്. എന്നാല്‍ അദ്ദേഹത്തെ ഞെട്ടിച്ചു കാനകള്‍ക്കുള്ളിലെ കാഴ്ചയെന്ന് അദ്ദേഹം പറഞ്ഞു.
ദേരാ സച്ചാ തലവന്‍ ഗുര്‍മീത് റാം റഹീമിന്റെ നൂറുക്കണക്കിന് ഫോട്ടോകളാണ് കാനകളിലൊഴുക്കിയ നിലയില്‍ കണ്ടെത്തിയത്. മീരാ ചൗക്കിലെയും സുഖാദിയ സര്‍ക്കിളിലുമാണ് ഏറ്റവുമധികം ഫോട്ടോകല്‍ കണ്ടെത്തിയതെന്ന് ദേവേന്ദ്ര റാത്തോര്‍ പറഞ്ഞു.

ബലാത്സംഗക്കേസില്‍ ദേരാ സച്ചാ സൗദാ തലവന്‍ റാം റഹീം സിങ്ങിന് ഇരുപത് വര്‍ഷം തടവിന് ശിക്ഷിച്ച സിബിഐ കോടതി ജഡ്ജി നടത്തിയത് കടുത്ത പരാമര്‍ശങ്ങളാണ്. ദൈവത്തെ പോലെ പൂജിക്കപ്പെട്ട രാം റഹീം വന്യമൃഗത്തെ പോലെ പെരുമാറിയെന്നാണ് കോടതി നിരീക്ഷിച്ചത്. മഹാത്മാഗാന്ധിയുടെ വാക്കുകള്‍ കടമെടുത്തും സിബിഐ ജഡ്ജി ജഗ്ദീപ് സിങ് രാം റഹീമിനെ വിമര്‍ശിച്ചു. സ്വന്തം ഭക്തരെ പോലും വെറുതെ വിടാതെ മൃഗത്തെ പോലെ പെരുമാറിയ റാം റഹീം യാതൊരു കരുണയും അര്‍ഹിക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
മനുഷ്യത്വം എന്തെന്നു പോലും അറിയാത്ത റാംറഹീമിന്റെ സ്വഭാവത്തില്‍ ദയ എന്നൊന്നില്ല. സ്വന്തം അനുയായികളെ പോലും ലൈംഗികമായി ചൂഷണം ചെയ്യാനും ഭീഷണിപെടുത്താനും മടിയില്ലാത്ത റാം റഹീമിന് കോടതിയുടെ കരുണ ആവശ്യമില്ല. തന്നെ ദൈവമായി പൂജിക്കുകയും അന്ധമായി വിശ്വസിക്കുയും ചെയ്ത അനുയായികളെ പോലും ലൈംഗികമായി ചൂഷണം ചെയ്തതിലൂടെ റാം റഹീം വെളിപ്പെടുത്തിയത് തന്റെ ചൂഷണ സ്വഭാവമാണ്. ഒരു മത സംഘടനയുടെ തലപ്പത്തിരിക്കുന്ന ഒരാള്‍ ഇത്തരത്തില്‍ പെരുമാറുന്നത് കാലങ്ങളായ നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം സംഘടനകള്‍ക്കെല്ലാം ദുഷ്‌പേരുണ്ടാക്കി. റഹീമിന്റെ പ്രവര്‍ത്തികള്‍ രാജ്യത്തിന്റെ സംസ്‌കാരത്തിന് തന്നെ അപമാനകരമാണ്.
താന്‍ ചെയ്ത കുറ്റത്തിന്റെ വ്യാപ്തി മനസിലാക്കാന്‍ കുറ്റവാളിക്ക് സാധിക്കുന്നതായിരിക്കണം ഓരോ ശിക്ഷാ വിധിയെന്നും നിരവധി സുപ്രീം കോടതി വിധികളെ ഉദ്ദരിച്ച് സിബിഐ കോടതി ജഡ്ജി പറഞ്ഞു. ഈ വിധി കോടതിയിലുളള ജനങ്ങളുടെ വിശ്വാസം വര്‍ധിപ്പിക്കും. ഇടക്കിടെ വിദേശ സന്ദര്‍ശനം നടത്തുന്ന റാം റഹീമിന് സമ്പത്തിന് പഞ്ഞമില്ലെന്നും ഇതുകൊണ്ടു തന്നെ ഇരക്ക് നഷ്ടപരിഹാരം നല്‍കണം. ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയും സേവന പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തിയും കുറഞ്ഞ ശിക്ഷ വിധിക്കണമെന്ന ഗുര്‍മീതിന്റെ അപേക്ഷയും കോടതി തളളി.

© 2024 Live Kerala News. All Rights Reserved.