‘ബീഹാറില്‍ വെള്ളപ്പൊക്കത്തിന് കാരണം എലികള്‍’; വിചിത്ര കണ്ടെത്തലുമായി ജലവകുപ്പ് മന്ത്രി

ബീഹാറില്‍ ദുരിതം വിതച്ച വെള്ളപ്പൊക്കത്തിന് കാരണം എലികളാണെന്ന് ബീഹാര്‍ ജലവകുപ്പ് മന്ത്രി ലാലന്‍ സിംങ്. അഞ്ഞൂറോളം ആളുകളുടെ ജീവനെടുക്കുകയും കോടിക്കണക്കിന് രൂപയുടെ നാശനാഷ്ടമുണ്ടാകുകയും ചെയ്ത വെള്ളപ്പൊക്കത്തിന് കാരണം പുഴയുടെ തീരങ്ങള്‍ എലികള്‍ തുരന്ന് നശിപ്പിച്ചതാണെന്നാണ് മന്ത്രിയുടെ വിചിത്രമായ കണ്ടെത്തല്‍. വെളളപ്പൊക്കത്തിലേക്ക് നയിച്ചതെന്നാണ് സ്ഥിതിഗതികള്‍ വിലയിരുത്തിയതിനു ശേഷം മന്ത്രി ലാലന്‍ സിംങ് പ്രതികരിച്ചത്.
നദീ തീരം ദുര്‍ബലപ്പെട്ടതാണ് നദി കരകവിഞ്ഞതിന്റെ കാരണമെന്നും അതിനു വഴിവെച്ചത് എലികളാണെന്നുമാണ് മന്ത്രി പറയുന്നത്. കമല ബലന്‍ നദിയുടെ തീരങ്ങള്‍ ഇടിഞ്ഞു വീഴാന്‍ പ്രധാന കാരണം എലികളാണ്. തീരങ്ങളില്‍ കര്‍ഷകര്‍ ധാന്യം സൂക്ഷിക്കുന്നത് എലികളെ ആകര്‍ഷിക്കുന്നു. ഇവ തീരങ്ങള്‍ തുരന്ന് ഇരുകരകളും അപകടാവസ്ഥയിലാക്കിയതിനാലാണ് വെള്ളം കരകയറി എത്തിയതെന്നാണ് മന്ത്രിയുടെ വാദം. മന്ത്രിയുടെ വിചിത്ര വാദത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തെത്തിയിട്ടുണ്ട്. യുക്തിരഹിതമായ വാദങ്ങളുന്നയിച്ചു കൊണ്ട് സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് വന്ന പൊരായ്മകള്‍ മറച്ചുവെക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്ന് ആര്‍ജെഡി വക്താവ് ശക്തി സിങ് യാദവ് പ്രതികരിച്ചു.

“നേരത്തെ അവര്‍ പറഞ്ഞു എലികളാണ് മദ്യം കുടിച്ച് തീര്‍ത്തതെന്ന്. ഇപ്പോള്‍ അവര്‍ പറയുന്നു വെള്ളപ്പൊക്കത്തിന് കാരണമായതും എലികളാണെന്ന്. എല്ലാ പ്രശ്‌നങ്ങളും ഉണ്ടാക്കുന്നത് എലികളാണെന്നാണ് അവരുടെ വാദം. കുറ്റങ്ങളെല്ലാം ജീവികള്‍ക്കു മേല്‍ വച്ചുകെട്ടാനാണ് സര്‍ക്കാരിന്റെ ശ്രമം.”
ശക്തി സിംങ് യാദവ്

സംസ്ഥാന ബിജെപി നേതൃത്വവും സര്‍ക്കാരിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. സംസ്ഥാനത്തെ അണക്കെട്ടുകളും പുഴകളുമെല്ലാം സുരക്ഷിതമാണെന്നാണ് സഭയില്‍ മന്ത്രി അറിയിച്ചത്. അപ്പോള്‍ എങ്ങനെ ഇവര്‍ക്ക് എലികളെ കുറ്റം പറയാന്‍ സാധിക്കുമെന്ന് ബിജെപി നേതാവ് മിതിലേഷ് തിവാരി ചോദിച്ചു.
സംസ്ഥാനത്ത് മദ്യ നിരോധന നിയമം വന്നതിനു പിന്നാലെ ബീഹാറിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് പിടിച്ചെടുത്ത മദ്യം എലികള്‍ നശിപ്പിച്ചുവെന്ന പൊലീസിന്റെ വാദം വാര്‍ത്തയായതിനു പിന്നാലെയാണ് വിചിത്ര വാദവുമായി സംസ്ഥാന മന്ത്രി രംഗത്തെത്തിയിരിക്കുന്നത്. 9 ലക്ഷം ലിറ്റര്‍ മദ്യം അപ്രത്യക്ഷമായ സംഭവത്തിലാണ് അധികൃതരുടെ വിചിത്ര വിശദീകരണം ഉന്നയിച്ചത്.

© 2024 Live Kerala News. All Rights Reserved.