ആനവേട്ടക്കേസ് അന്വേഷണത്തിന് ദേശീയ ഏജന്‍സിയുടെ സഹായം തേടും: തിരുവഞ്ചൂര്‍

 

തിരുവനന്തപുരം: ആനവേട്ടക്കേസ് അന്വേഷണത്തിന് ദേശീയ ഏജന്‍സിയുടെ സഹായം തേടുമെന്ന് വനംവകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. വനംവകുപ്പുമായി ബന്ധപ്പെട്ട കേസുകള്‍ അന്വേഷിക്കുന്ന ദേശീയ ഏജന്‍സിയായ വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോയുടെ സഹായമാണ് തേടുക. സംസ്ഥാനത്തിന് പുറത്തുള്ളവര്‍ക്കും ആനവേട്ടയില്‍ ബന്ധമുണ്ടെന്ന് സൂചനയുള്ളതായും അതിനാലാണ് ദേശീയ ഏജന്‍സിയുടെ സഹായം തേടുന്നതെന്നും മന്ത്രി പറഞ്ഞു.

ആനവേട്ടക്കേസിലെ മുഖ്യപ്രതി കുട്ടമ്പുഴ കൂവപ്പാറ ഐക്കരമറ്റം വാസു (52)വിന്റെ മരണത്തോടെ കേസ് വനംവകുപ്പില്‍നിന്നു മാറ്റി മറ്റേതെങ്കിലും ഏജന്‍സിയെക്കൊണ്ട് അന്വേഷിക്കാനുള്ള നീക്കം സര്‍ക്കാര്‍ തുടങ്ങിയിരുന്നു. വാസുവിനെ മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗ് ജില്ലയിലെ പൈനാപ്പിള്‍ തോട്ടത്തിലായിരുന്നു ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫോറസ്റ്റ് കേസ് കാരണം താന്‍ പോകുകയാണെന്നും പെങ്ങളും അളിയനും കുട്ടിയും നിരപരാധിയാണെന്നും എഴുതിയ കുറിപ്പും മൃതദേഹത്തിനരികില്‍നിന്നു പൊലീസ് കണ്ടെടുത്തിരുന്നു.

ആനകളെ വെടിവച്ചു വീഴ്ത്തുന്നതു വാസുവാണെന്നായിരുന്നു വനംവകുപ്പിന്റെ കണ്ടെത്തല്‍. കൊമ്പിനായി ഇരുപതോളം ആനകളെ കൊന്നിട്ടുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ആനവേട്ടക്കാരുടെ സഹായിയായിരുന്ന കുട്ടമ്പുഴ സ്വദേശി കുഞ്ഞുമോന്‍ പിടിയിലായതോടെയാണ് വാസുവിനുവേണ്ടി വനപാലകര്‍ അന്വേഷണം തുടങ്ങിയത്.

© 2024 Live Kerala News. All Rights Reserved.