‘കുമ്മനവുമായി അടുത്ത ബന്ധം; ലിഗം ഛേദിക്കപ്പെട്ട സംഭവത്തിന് പിന്നില്‍ എഡിജിപി ബി.സന്ധ്യ’; സംഘപരിവാറിന്റെ സജീവപ്രവര്‍ത്തകനായിരുന്നുവെന്ന് ഗംഗേശാനന്ദ

ലൈംഗികാതിക്രമത്തിനിടെ ലിംഗം ഛേദിക്കപ്പെട്ട സംഭവത്തില്‍ എഡിജിപി ബി. സന്ധ്യക്കെതിരെ ഗംഗേശാനന്ദ. എഡിജിപി സന്ധ്യയുടെ അറിവോ സമ്മതമോ ഇല്ലാതെ ഇത് നടക്കുകയില്ല. പൊലീസിനൊപ്പം അയ്യപ്പദാസ്, മനോജ് മുരളി, അജിത്ത് എന്നിവരുടെ ഗൂഢാലോചനയില്‍ പെണ്‍കുട്ടി വീണുപോകുകയായിരുന്നുവെന്നും ഗംഗേശാനന്ദ പറഞ്ഞതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. ചട്ടമ്പി സ്മാരകത്തിന്റെ ആവശ്യത്തിന് കണ്ണമ്മൂലയില്‍ വന്നകാലം മുതല്‍ സന്ധ്യ തന്നെ ശത്രുവായിട്ടാണ് കാണുന്നത്. ഇതുമായി ബന്ധപ്പെട്ട് തനിക്കെതിരെ നിരവധി കേസുകളുണ്ടായിരുന്നുവെങ്കിലും രാഷ്ട്രീയത്തിലുള്‍പ്പെടെ സ്വാധീനമുളളതിനാല്‍ ഇത്രയുംകാലം നടപടി എടുത്തിട്ടില്ല.
ശത്രുത ബി. സന്ധ്യയുടെ സ്വഭാവമാണെന്നും ഗംഗേശാനന്ദ പറഞ്ഞു.പിണറായി വിജയന്റെ എല്‍ഡിഎഫ് സര്‍ക്കാരുളളപ്പോള്‍ തന്റെ കേസന്വേഷം നീതിപൂര്‍വം നടക്കില്ല. സംഭവം നടക്കുമ്പോള്‍ താന്‍ പെണ്‍കുട്ടിയെ മാത്രമേ കണ്ടുളളൂ. അബോധാവസ്ഥയിലായതിനാല്‍ മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്ന് കാണാനായില്ല. ഇതുമായി ബന്ധപ്പെട്ടുളള ഒരു ആരോപണവും പൊലീസിന് തെളിയിക്കാനായില്ല. കുറ്റപത്ര ഹാജരാക്കിയിട്ടില്ല. തന്റെ എല്ലാ സാമ്പത്തിക ഇടപാടുകളുമുളള കംപ്യൂട്ടര്‍ പൊലീസിന്റെ കൈയിലുണ്ട്. ഐടി റിട്ടേണ്‍ അടയ്ക്കുന്നയാളാണ് താന്‍.

ലക്ഷങ്ങള്‍ കൈകാര്യം ചെയ്യുന്നതാണ്. മറ്റുളളവരുമായി ബന്ധപ്പെട്ട ഇടപാടുകളാണ് തനിക്കുളളത്. വിദേശഫണ്ട് ലഭിക്കാറുണ്ട്. എന്നാല്‍ അത് വ്യക്തിപരമായി ഉപയോഗിക്കാറില്ല, മറ്റുളളവരുടെ ആവശ്യത്തിനാണ് ഉപയോഗിക്കുന്നത്. 1995 വരെ സംഘപരിവാറിന്റെ സജീവപ്രവര്‍ത്തകനായിരുന്ന തനിക്ക് കുമ്മനം രാജശേഖരനുമായി അടുത്ത ബന്ധമുണ്ട്. കുറ്റം ചെയ്തവരുടെ ലിംഗം ഛേദിക്കണമെന്നാണ് പറയുന്നതെങ്കില്‍ രാഷ്ട്രീയക്കാരുള്‍പ്പെടെ എത്രപേര്‍ക്കിത് കാണും. തെറ്റ് ചെയ്‌തെങ്കില്‍ ശിക്ഷിക്കപ്പെടണം. പെണ്‍കുട്ടിയുമായും വീട്ടുകാരുമായും ഇപ്പോഴും അടുപ്പമുണ്ട്. ഇന്നുപോലും തനിക്ക് ഭക്ഷണം കൊണ്ടുതന്നത് ആ വീട്ടില്‍ നിന്നാണെന്നും ഗംഗേശാനന്ദ വ്യക്തമാക്കി.

© 2024 Live Kerala News. All Rights Reserved.