മന്ത്രി മണിയുടെ പൊമ്പിളെ ഒരുമെ പരാമര്‍ശം സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്; അസംഖാന്‍റെ കേസിനൊപ്പം പരിഗണിക്കും

മൂന്നാറിലെ പൊമ്പിളൈ ഒരുമക്കെതിരെ മന്ത്രി എംഎം മണി നടത്തിയ വിവാദ പരാമര്‍ശം സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്. ബുലന്ദ്ശര്‍ ഇരകളെ സമാജ് വാദി പാര്‍ട്ടി നേതാവ് അസംഘാന്‍ അപമാനിച്ച കേസിനൊപ്പം പരിഗണിക്കാനാണ് സുപ്രീം കോടതി തീരുമാനം. പരാതിക്കാരന്‍ പുതിയ ഹര്‍ജി ഭരണഘടനാ ബെഞ്ചിന് മുന്നില്‍ സമര്‍പ്പിക്കണം. ചീഫ് ജസ്റ്റിസാണ് പരാതി ഭരണഘടനാ ബെഞ്ചിന് വിട്ടത്.
പൊമ്പളൈ ഒരുമൈ സമരകാലത്ത് കുടിയും സകലവൃത്തികേടുകളും നടന്നിട്ടുണ്ടെന്ന മണിയുടെ പരാമര്‍ശത്തിനെതിരെയായിരുന്നു സമരം. അടിമാലി ഇരുപതേക്കറില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കവെയാണ് മണിയുടെ അധിക്ഷേപ പരാമര്‍ശം. പെമ്പിളൈ ഒരുമ വന്നു അന്ന് കുടിയും സകല വൃത്തികേടുകളും നടന്നു. മനസ്സിലായില്ലേ? ആ വനത്തില് അടുത്തുള്ള കാട്ടിലായിരുന്നു പണി എന്ന്. ഒരു ഡിവൈഎസ്പിയും ഉണ്ടായിരുന്നു. എല്ലാവരും കൂടെക്കൂടി. ഇതൊക്കെ ഞങ്ങള്‍ക്കറിയാമെന്നാണ് മണി പ്രസംഗിച്ചത്.
നേരത്തെ എം.എം മണിയുടെ വിവാദപ്രസംഗത്തിനെതിരായ ഹര്‍ജികള്‍ ഹൈക്കോടതി തളളിയിരുന്നു. ആരുടേയും സ്വഭാവം മാറ്റാനാകില്ലെന്ന പരാമര്‍ശത്തോടെയാണ് കോടതി മന്ത്രി മണിയുടെ പെമ്പിളൈ ഒരുമൈക്കെതിരായ അധിക്ഷേപ പ്രസംഗത്തെ വിലയിരുത്തിയതും തളളിയതും. പെമ്പിളൈ ഒരുമൈക്കെതിരായ പ്രസംഗത്തില്‍ മന്ത്രി മണിക്കെതിരെ കേസെടുക്കണമെന്നായിരുന്നു ആദ്യ ഹര്‍ജി. മണിക്കെതിരായ മുഖ്യമന്ത്രി നടപടി എടുക്കണമെന്നായിരുന്നു രണ്ടാമത്തെ ഹര്‍ജി. വാക്കുകള്‍ ഉപയോഗിക്കുന്നത് ഓരോരുത്തരുടെയും താത്പര്യമാണെന്നും നിയമപരമായി ഇടപെടാന്‍ പര്യാപ്തമായ വിഷയമല്ലെന്നും ഹര്‍ജി തളളിക്കൊണ്ട് ഹൈക്കോടതി പറഞ്ഞിരുന്നു.

© 2024 Live Kerala News. All Rights Reserved.