‘ആള്‍ദൈവ’ത്തിനെതിരായ വിധി പറയാന്‍ ഹെലികോപ്ടറില്‍ ജഡ്ജി ജയിലിലെത്തി; ഗുര്‍മീതിന്റെ ശിക്ഷ കാത്ത് ഹരിയാന കനത്ത ജാഗ്രതയില്‍

രോഹ്താക്: സ്വയം പ്രഖ്യാപിത ആള്‍ദൈവം ഗുര്‍മീത് റാം റഹിം സിങിന്റെ ശിക്ഷ പ്രഖ്യാപിക്കാന്‍ ജഡ്ജി ഹെലികോപ്ടറില്‍ രോഹ്താക് ജയിലിലെത്തി. കനത്ത സുരക്ഷയിലാണ് ഹരിയാനയും രോഹ്താക് ജയില്‍ പരിസരവും. രണ്ട് വനിത അനുയായികളെ ബലാല്‍സംഗം ചെയ്ത കേസില്‍ ഗുര്‍മീത് കുറ്റക്കാരനെന്ന് പഞ്ച്കുല സിബിഐ കോടതി ജഡ്ജി ജഗ്ദീപ് സിങ് ആണ് വിധിച്ചത്. വെള്ളിയാഴ്ച കുറ്റക്കാരനെന്ന് വിധിച്ച ശേഷം ശിക്ഷ പ്രഖ്യാപിക്കാന്‍ ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു.
വിധിയെ തുടര്‍ന്ന് കലാപസാധ്യത കണക്കിലെടുത്ത് റോഹ്ത്തക്കിലേക്കുളള എല്ലാ റോഡുകളും അടച്ചിരിക്കുകയാണ്. പ്രദേശവാസികള്‍ പുറത്തിറങ്ങരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഗുര്‍മീതിനെ താമസിപ്പിച്ചിരിക്കുന്ന ജയിലിന് ചുറ്റും മാത്രമായി 3000 അര്‍ദ്ധ സൈനികരെയാണ് നിയോഗിച്ചിരിക്കുന്നത്. റോഹ്ത്തക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കലാപത്തിന് ആഹ്വാനം ചെയ്യാന്‍ സാധ്യതയുളള ഗുര്‍മീതിന്റെ ഏതാനും അനുയായികളെ കരുതല്‍ തടങ്കലിലുമാക്കിയിട്ടുണ്ട്. സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കു നേരെ വെടിവെപ്പ് ഉണ്ടാകുമെന്ന സൂചനയും റോഹ്ത്തക് ഡെപ്യൂട്ടി കമ്മീഷണര്‍ നല്‍കിയിട്ടുണ്ട്.
സര്‍ക്കാരിന്റെ ഹെലികോപ്ടറിലാണ് പ്രത്യേക സിബിഐ കോടതി ജഡ്ജി ജഗദീപ് സിങ് രോഹ്താക് ജയിലിലെത്തിയത്. രോഹ്തക് ജയിലിലെ വായനാമുറിയാണ് താല്‍ക്കാലിക കോടതി നടപടിക്കുള്ള മുറിയാക്കിയത്. സുരക്ഷ കണക്കിലെടുത്ത് ജയിലിനുള്ളില്‍ കോടതി നടപടികള്‍ കൈക്കൊള്ളാന്‍ ഹരിയാന ഹൈക്കോടതിയാണ് നിര്‍ദേശം നല്‍കിയത്.
ദേരാ സച്ചാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹിം സിങ് ബലാല്‍സംഗ കേസില്‍ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചതിന് പിന്നാലെ അനുയായികള്‍ ഹരിയാനയില്‍ കനത്ത ആക്രമണമാണ് അഴിച്ചുവിട്ടത്. 38 പേര്‍ അക്രമത്തില്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. വാഹനങ്ങളും കെട്ടിടങ്ങളും അഗ്നിക്കിരയാക്കി.

ഹരിയാനയിലെ സിര്‍സയിലെ ദേര ആശ്രമത്തില്‍ 15 വര്‍ഷം മുമ്പ് വനിതാ അനുയായിയെ മാനഭംഗപ്പെടുത്തിയെന്ന കേസിലാണ് ഗുര്‍മീത് റാം റഹിം കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയത്. കേസില്‍ റാം റഹീമിനെതിരെ പ്രത്യക്ഷമായ തെളിവുകള്‍ നിലനില്‍ക്കുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചിരുന്നു. കേസിന്റെ വിധി പ്രസ്താവം കേള്‍ക്കാന്‍ കോടതി പരിസരത്ത് തടിച്ചുകൂടിയ അനുയായികള്‍ കലാപം സൃഷ്ടിച്ചിരുന്നു. തുടര്‍ന്ന് കനത്ത സുരക്ഷാ സന്നാഹത്തിലാണ് റാം റഹിമിനെ വ്യോമമാര്‍ഗം റോഹ്തക് ജയിലിലേക്ക് മാറ്റിയത്.

© 2024 Live Kerala News. All Rights Reserved.