‘ഹരിയാനയില്‍ നടന്നത് വോട്ട്ബാങ്ക് രാഷ്ട്രീയത്തിന്‍റെ നാണംകെട്ട കീഴടങ്ങല്‍’; ബിജെപി സര്‍ക്കാര്‍ പിരിച്ചു വിടണമെന്ന് മായാവതി

ന്യൂഡല്‍ഹി: ഗുര്‍മീത് റാം റഹീമിനെതിരായ ബലാത്സംഗ കേസിലെ വിധിയുമായി ബന്ധപ്പെട്ട് നടന്ന അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഹരിയാനയിലെ ബിജെപി സര്‍ക്കാര്‍ പിരിച്ചുവിടണമെന്ന് ബിഎസ്പി അധ്യക്ഷ മായാവതി.ഹരിയാനയില്‍ നടന്നത് വോട്ട് ബാങ്ക് രാഷ്ട്രീയത്തിനു മുന്നിലെ നാണംകെട്ട കീഴടങ്ങലാണെന്നും മായാവതി അഭിപ്രായപ്പെട്ടു. അക്രമ സംഭവങ്ങളുടെ ധാര്‍മ്മിക ഉത്തരവാദിത്തം ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിനാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്ത് സംഘര്‍ഷം നിയന്ത്രിക്കാനാകാത്ത വിധം വ്യാപിക്കുമ്പോള്‍ സര്‍ക്കാര്‍ നിസംഗരായി നോക്കി നില്‍ക്കുകയായിരുന്നു. സംഘര്‍ഷത്തെ പ്രതിരോധിക്കാന്‍ ബിജെപി സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെന്നും മായാവതി ആരോപിച്ചു.
ധേര സച്ച സൗദ തലവന്‍ റാം റഹീമിനെതിരായ വിധി പ്രസ്താവം വന്ന് മണിക്കൂറുകള്‍ക്കകമാണ് അക്രമ സംഭവങ്ങള്‍ അരങ്ങേറിയത്. സര്‍ക്കാര്‍ ഈ സമയത്ത് നോക്കു കുത്തിയായി നില്‍ക്കുകയായിരുന്നു. ധേര സച്ച തലവന്റെ സ്വത്തുകള്‍ കണ്ടുകെട്ടണമെന്ന ഹരിയാന കോടതിയുടെ ഉത്തരവ് പാലിക്കാതെ അയാള്‍ക്ക് ജയിലില്‍ വിഐപി സൗകര്യങ്ങള്‍ ഒരുക്കുന്നതിലാണ് സര്‍ക്കാരിന് താത്പര്യമെന്നും മായാവതി പറഞ്ഞു.

ഒരു സംസ്ഥാനത്തെ മുന്‍കരുതലില്ലാതെ ഇത്രയും വലിയ സംഘര്‍ഷത്തിലേക്ക് തള്ളിവിട്ട സര്‍ക്കാരിന് ഒരു നിമിഷം ഭരണത്തില്‍ തുടരാന്‍ അവകാശമില്ലെന്നും മായാവതി കൂട്ടിച്ചേര്‍ത്തു.

© 2024 Live Kerala News. All Rights Reserved.