‘മാഡത്തിന് പങ്കില്ല’; ഒടുവില്‍ എല്ലാവരെയും കബളിപ്പിച്ച് പള്‍സര്‍; ‘കാവ്യ മാധവനുമായി പരിചയമുണ്ട്’; പലതവണ പണം തന്നിട്ടുണ്ടെന്നും സുനി

ഒടുവില്‍ മാഡം ആരെന്ന് വെളിപ്പെടുത്താതെ മാഡത്തിന് പങ്കില്ലെന്ന് വ്യക്തമാക്കി പള്‍സര്‍ സുനി. നടിയെ ആക്രമിച്ച കേസില്‍ മാഡത്തിന് പങ്കില്ലെന്നും നടി കാവ്യമാധവനുമായി പരിചയമുണ്ടെന്നും സുനി പറഞ്ഞു. തന്നെ അറിയില്ലെന്ന് കാവ്യ മാധവന്‍ പറയുന്നത് ശരിയല്ല. കാവ്യയ്ക്ക് താനുമായി നല്ല പരിചയമുണ്ടെന്നും പലപ്പോഴും പണം തന്നിട്ടുണ്ടെന്നും കുന്ദംകുളം മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കവെ സുനി പറഞ്ഞു.
നേരത്തെ ആഗസ്റ്റ് 16ന് കേസിലെ മാഡത്തെ വെളിപ്പെടുത്തുമെന്നും മാഡത്തെക്കുറിച്ച് എഴുതാന്‍ തുടങ്ങിയെന്നുമെല്ലാം സുനി നിരന്തരം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. നടിയെ ആക്രമിച്ച കേസിലെ ക്വട്ടേഷന് പിന്നില്‍ സ്ത്രീയാണെന്നും വിഐപിയായ മാഡത്തെ വെളിപ്പെടുത്തുമെന്നും സിനിമാ മേഖലയില്‍ നിന്നുളള ആളാണെന്നും ഇതിനോടകം നിരവധി തവണ സുനി പറഞ്ഞിരുന്നു.
പള്‍സര്‍ സുനിയുമായി ഒരുതരത്തിലുമുളള പരിചയമില്ലെന്ന് ദിലീപും കാവ്യയും നേരത്തെ മൊഴി നല്‍കിയിരുന്നു. ജയിലില്‍ കഴിയുന്ന ദിലീപിന്റെ ജാമ്യഹര്‍ജി ഹൈക്കോടതി പരിഗണിക്കുകയാണ്.

© 2024 Live Kerala News. All Rights Reserved.