എല്ലാം മുന്‍കൂട്ടി നിശ്ചയിച്ചത് പോലെ, നിതീഷ് കുമാറിന്റെ ജെഡിയു എന്‍ഡിഎയിലേക്ക്; മുന്നണി പ്രവേശന പ്രമേയം പാര്‍ട്ടി പാസാക്കി

പാട്‌ന: നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയു എന്‍ഡിഎ പ്രവേശനത്തിനുള്ള പ്രമേയം പാസാക്കി. ബിഹാറിലെ ‘അട്ടിമറിക്ക്’ പിന്നാലെ ബിജെപിയുമായുണ്ടായ സന്ധിക്കനുസൃതമായാണ് കാര്യങ്ങള്‍. മുന്‍കൂട്ടി നിശ്ചയിച്ച കാര്യങ്ങള്‍ പാര്‍ട്ടി യോഗം ചേര്‍ന്ന് പ്രമേയമാക്കിയാണ് പാസാക്കിയത്. ബിജെപി നയിക്കുന്ന എന്‍ഡിഎയുടെ സഖ്യകക്ഷിയാകും നിതീഷിന്റെ ജെഡിയു. പാട്‌നയില്‍ ചേര്‍ന്ന ജെഡിയു ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് ഔദ്യോഗിക തീരുമാനമുണ്ടായത്.
രണ്ട് പതിറ്റാണ്ട് നീണ്ട ബിജെപി ബന്ധം ഉപേക്ഷിച്ച് 2013ല്‍ ആണ് നിതീഷ് കുമാര്‍ മഹാസഖ്യമുണ്ടാക്കിയത്. തെരഞ്ഞെടുപ്പില്‍ വലിയ നേട്ടമുണ്ടാക്കിയത് ലാലുപ്രസാദ് യാദവിന്റെ ആര്‍ജെഡിയുമായും കോണ്‍ഗ്രസുമായി ചേര്‍ന്നും. ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും നിതീഷ് കുമാറിന് വേണ്ടി ലാലുവും ആര്‍ജെഡിയും മുഖ്യമന്ത്രി പദം ഒഴിഞ്ഞുനല്‍കിയിരുന്നു. എന്നാല്‍ ലാലുവിന്റെ മകന്‍ തേജസ്വി യാദവിന്റെ ഉപമുഖ്യമന്ത്രി പദം രാജിവെയ്ക്കണമെന്ന ആവശ്യമാണ് മഹാസഖ്യം പൊളിയുന്നതിനുള്ള അവസാന ആണിയടിച്ചത്.
ബിഹാറില്‍ ബിജെപിയെ തളച്ച് ഭരണം പിടിക്കാന്‍ പ്രതിപക്ഷ ഐക്യത്തെ കൂട്ടുപിടിച്ച് മഹാസഖ്യമുണ്ടാക്കിയ അതേ ‘ചാണക്യ ബുദ്ധി’യോടെയാണ് ഒപ്പം നിന്നവരെ രാഷ്ട്രീയമായി വഞ്ചിച്ച് ബിജെപി കൂടാരം നിതീഷ് കയറിയത്.

ബിജെപി കൂട്ടുകെട്ടിനെതിരെ ശക്തമായി പ്രതികരിച്ച പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് ശരദ് യാദവിനെതിരേയും അദ്ദേഹത്തിനൊപ്പം ഉള്ളവര്‍ക്കെതിരേയും പാര്‍ട്ടി നടപടി സ്വീകരിച്ച ശേഷമാണ് നീതീഷിന്റെ എന്‍ഡിഎ പ്രവേശനം. ശരദ് യാദവ് വിമത നീക്കം നടത്തിയതോടെ ജെഡിയും ഇപ്പോള്‍ രണ്ട് തട്ടിലാണ്. ഔദ്യോഗികമായി മാത്രം പിളര്‍പ്പ് സ്ഥിരീകരിച്ചാല്‍ മതിയെന്ന ഘട്ടത്തില്‍.

© 2024 Live Kerala News. All Rights Reserved.