‘പിന്നെ വനിതാകമ്മീഷനെന്ന് കേട്ടാല്‍ പേടിയല്ലേ; നോട്ടീസയച്ചാല്‍ സൗകര്യപ്രദമായ ദിവസമെങ്കില്‍ പോകും’; മോശം പരാമര്‍ശത്തിന് കേസെടുക്കാനുള്ള നിര്‍ദേശത്തെ പരിഹസിച്ച് പിസി ജോര്‍ജ്

ആക്രമിക്കപ്പെട്ട നടിയെക്കുറിച്ച് അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന് കേസെടുക്കണമെന്ന് വനിതാകമ്മീഷന്‍ ആവശ്യത്തെ പരിഹസിച്ച് പിസി ജോര്‍ജ് എംഎല്‍എ. വനിതാകമ്മീഷനെന്നു കേട്ടാല്‍ ഭയങ്കര പേടിയാണെന്നും അല്‍പ്പം ഉള്ളി കിട്ടിയാല്‍ കരയാമായിരുന്നെന്നും പിസി ജോര്‍ജ് പരിഹസിച്ചു. കമ്മീഷന്‍ ആദ്യം വനിതകളുടെ കാര്യമാണ് നോക്കേണ്ടതെന്നും, നല്ല കാര്യങ്ങളൊക്കെ ചെയ്തിട്ട് വന്നാല്‍ താന്‍ സഹകരിക്കാമെന്നും പിസി പറഞ്ഞതായും മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

നല്ല കാര്യങ്ങളൊക്കെ ചെയ്തിട്ട് ഇങ്ങോട്ട് വന്നാല്‍ താനും കൂടാം. അല്ലാതെ തന്റെ മൂക്കു ചെത്താന്‍ ഇങ്ങോട്ടു പോരേണ്ട. ഇതിലൊന്നും പേടിക്കുന്ന ആളല്ല താനെന്നും പിസി ജോര്‍ജ് പരിഹസിച്ചു.

“കമ്മീഷന്‍ നോട്ടീസയച്ചാല്‍ സൗകര്യപ്രദമായ ദിവസമാണെങ്കില്‍ പോകും. കേസ് സംബന്ധമായ മുഴുവന്‍ വിഷയവും കേരളത്തില്‍ ചര്‍ച്ച ചെയ്യപ്പെടണം. പാവപ്പെട്ട പുരുഷന്മാര്‍ക്ക് ജീവിക്കണ്ടേ? മാന്യമായി ജീവിക്കുന്ന സ്ത്രീകള്‍ക്കായി ഉണ്ടാക്കിയ നിയമങ്ങള്‍ വെറും തറപ്പെണ്ണുങ്ങള്‍ ഇറങ്ങി നശിപ്പിക്കുകയാണ്. അവളുമാരുടെയൊക്കെ തനിനിറം കമ്മീഷനു മൊഴിയിലൂടെ പുറത്ത് കൊണ്ടുവരും.”
പിസി ജോര്‍ജ്

വനിതാകമ്മീഷന് മുന്നില്‍ എല്ലാ അവളുമാരുടെയും സ്വഭാവം തെളിവുവച്ച് വിശദീകരിക്കും. മോശമായി ജീവിക്കുന്ന സ്ത്രീകളുടെ കയ്യിലിരുപ്പ് പറയാം. അത് കൊണ്ട് കമ്മീഷനില്‍ വരുന്നത് തനിക്ക് ഇഷ്ടമാണ്. കമ്മീഷനിലാകുമ്പോള്‍ പേരുവച്ചു തന്നെ പറയാം. അതിന് ഒരു അവസരം നല്‍കാനായി എത്രയും പെട്ടെന്ന് വനിതാകമ്മീഷന്‍ താനുമായി ആലോചിച്ച് ഒരു തീയതി തീരുമാനിക്കണമെന്ന് അഭ്യര്‍ഥിക്കുന്നതായും പിസി ജോര്‍ജ് പറയുന്നു.

“തനിക്ക് ഭാര്യയും അമ്മയും മകളും പെങ്ങളുമുണ്ട്. താനെന്നല്ല എല്ലാ മനുഷ്യരും അമ്മമാരെ ബഹുമാനിക്കുന്നവരാണ്. അവരെ പറ്റി വല്ലതും പറഞ്ഞാല്‍ കൊന്നുകളയാന്‍ പോലും മടിക്കില്ല. അതുകൊണ്ട് സ്ത്രീത്വത്തെ അപമാനിക്കാന്‍ ഒന്നും തന്നെ കിട്ടില്ല. അപമാനിക്കപ്പെടാന്‍ വേണ്ടി നടക്കുന്ന സ്ത്രീകളെുടെ ഗുണവതികാരം പറയുമ്പോള്‍ വേദനിച്ചിട്ട് കാര്യമില്ല.”
പിസി ജോര്‍ജ്

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നേരത്തെ നടത്തിയ പരാമര്‍ശങ്ങള്‍ 100 ശതമാനം ബോധ്യത്തോടെയാണ് എന്ന് പിസി ജോര്‍ജ് ആവര്‍ത്തിച്ചു. ഒരു വനിതയുടെയും അഭിമാനത്തെ ചോദ്യം ചെയ്തിട്ടില്ല. പീഡിപ്പിക്കപ്പെട്ട സ്ത്രീയുടെ പേരു പറഞ്ഞിട്ടില്ല. കേസന്വേഷണത്തിലെ പോലീസിന്റെ പാളിച്ചയാണ് ചൂണ്ടിക്കാട്ടിയത്. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിച്ച് കാര്യങ്ങള്‍ മനസിലാക്കിയാല്‍ വനിതാകമ്മീഷന് നല്ലത്. പ്രബലര്‍ സ്ത്രീത്വത്തെ അപമാനിക്കരുതെന്ന കമ്മീഷന്റെ പരാമര്‍ശം വിവരക്കേടാണെന്നാണ് എംഎല്‍എയുടെ വാദം. എല്ലാ നടപടികളോടും പൂര്‍ണ്ണമായും സഹകരിക്കുമെന്നും പിസി ജോര്‍ജ്
കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്കെതിരെ നിരന്തരം അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയ എംഎല്‍എ പി.സി ജോര്‍ജിനെതിരെ കേസെടുക്കാന്‍ വനിതാകമ്മീഷന്റെ നിര്‍ദേശം നല്‍കിയിരുന്നു. പി.സി ജോര്‍ജിന്റെ മൊഴി എടുക്കാന്‍ ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് വനിതാ കമ്മീഷന്‍ നോട്ടീസ് നല്‍കി. ചാനല്‍ ചര്‍ച്ചകളിലും വാര്‍ത്താസമ്മേളനത്തിലും പി.സി ജോര്‍ജ് നിരന്തരം നടത്തിയ പ്രസ്താവനകള്‍ സ്ത്രീത്വത്തെ പരിക്കേല്‍പ്പിക്കുന്നതാണെന്ന് വനിതാകമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ വിലയിരുത്തി.
ക്രൂരപീഡനത്തിന് ഇരയായെങ്കില്‍ എങ്ങനെയാണ് അടുത്ത ദിവസം നടി അഭിനയിക്കാന്‍ പോയതെന്നാണ് പിസി ജോര്‍ജ് എംഎല്‍എയുടെ ചോദ്യം. നിര്‍ഭയയേക്കാള്‍ ക്രൂരപീഡനമാണ് നടന്നതെന്നാണല്ലോ പറഞ്ഞതെന്നും ജോര്‍ജ് ആക്ഷേപിച്ചിരുന്നു. ദിലീപ് നിരപരാധിയാണെന്ന് നിരവധി തവണ പി.സി ജോര്‍ജ് പറഞ്ഞിരുന്നു.

© 2024 Live Kerala News. All Rights Reserved.