‘ഡിജിപിക്ക് അയച്ച വാട്ട്‌സ്ആപ് സന്ദേശം പരാതിയായി കണക്കാക്കാനാവില്ല’; ദിലീപിന്റെ ജാമ്യാപേക്ഷയെ എതിര്‍ക്കാന്‍ ശക്തമായ വാദമുഖങ്ങളുമായി പൊലീസ്

നടി അക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് തന്റെ പേര് പറയാതിരിക്കാന്‍ മുഖ്യപ്രതി പള്‍സര്‍ സുനി പണമാവശ്യപ്പെട്ട് ബ്ലാക്ക്‌മെയില്‍ ചെയ്തതായി ദിലീപ് ഡിജിപിക്കയച്ച വാട്ട്‌സ്ആപ് സന്ദേശം പരാതിയായി കണക്കാക്കാനാവില്ലെന്ന് പൊലീസ്. ദിലീപിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് ഹൈക്കോടതിയില്‍ സമര്‍പ്പിക്കാനിരിക്കുന്ന വിശദമായ സത്യവാങ്മൂലത്തിലാണ് ഈ വാദമുള്ളത്.
ഏപ്രില്‍ 10നാണ് തനിക്ക് ഭീഷണി സന്ദേശം വന്നതെന്നും അന്നുതന്നെ ഡിജിപിക്ക് വാട്ട്‌സ്ആപിലൂടെ പരാതി നല്‍കിയെന്നുമായിരുന്നു ദിലീപിന്റെ വാദം. എന്നാല്‍ ഇത് ശരിയല്ലെന്നാണ് പൊലീസിന്റെ വാദം. മാര്‍ച്ച് 28നാണ് ഇതുസംബന്ധിച്ച് നാദിര്‍ഷയ്ക്ക് ആദ്യ ഫോണ്‍കോള്‍ വന്നതെന്നും എന്നാല്‍ ദിലീപ് പരാതിപ്പെട്ടത് ഏപ്രില്‍ 22നാണെന്നും പൊലീസ് ഹൈക്കോടതിയില്‍ നല്‍കുന്ന സത്യവാങ്മൂലത്തില്‍ ഉണ്ടാവും. മാത്രമല്ല വാട്ട്‌സ്ആപ് വഴി അയച്ച സന്ദേശം പരാതിയായി കണക്കാക്കാനാവില്ലെന്നും കോടതിയില്‍ വാദിക്കും.

അത്തരത്തില്‍ ബ്ലാക്ക്‌മെയിലിംഗ് ശ്രമം ഉണ്ടായെങ്കില്‍ത്തന്നെ 26 ദിവസത്തിന് ശേഷം വാട്ട്‌സ്ആപ് വഴി ഡിജിപിക്ക് പരാതി നല്‍കിയത് പ്രശ്‌നത്തിന് ദിലീപ് കല്‍പിച്ച ഗൗരവമില്ലായ്മയുടെ തെളിവായും പൊലീസ് കോടതിയില്‍ ചൂണ്ടിക്കാട്ടും. ദിലീപ് ജാമ്യഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്ന വാദങ്ങളുടെയെല്ലാം മറുവാദങ്ങളടക്കം വിശദമായ സത്യവാങ്മൂലമാണ് പൊലീസ് തയ്യാറാക്കുന്നത്. അടുത്ത വെള്ളിയാഴ്ചയാണ് കോടതി ദിലീപ് സമര്‍പ്പിച്ച ജാമ്യഹര്‍ജി ഇനി പരിഗണിക്കുക.
നേരത്തേ ജാമ്യാപേക്ഷയില്‍ ദിലീപ് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് കോടതിയില്‍ മറുപടി പറയുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ദിലീപ് പരാതിപ്പെട്ടത് എപ്പൊഴാണെന്ന കാര്യവും ഇതുമായി ബന്ധപ്പെട്ട് എന്തു നടപടിയാണ് സ്വീകരിച്ചതെന്നതുമടക്കം അന്വേഷണത്തിന്റെ ഭാഗമാണ്. കേസ് കോടതിയുടെ പരിഗണനയിലായതിനാല്‍ തുറന്ന പ്രതികരണത്തിനില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം അന്വേഷണസംഘത്തെ പ്രതിരോധത്തിലാക്കുന്ന ആരോപണങ്ങളാണ് ജാമ്യ ഹര്‍ജിയിലുള്ളത്. 140 സിനിമകളില്‍ അഭിനയിച്ച തന്നെ ഒറ്റരാത്രി കൊണ്ട് വില്ലനാക്കുകയായിരുന്നെന്നാന്ന് ദിലീപ് ജാമ്യഹര്‍ജിയില്‍ ആരോപിക്കുന്നത്. ഏഴു പ്രതികള്‍ക്കെതിരെ കുറ്റപത്രം നല്‍കി, മൂന്നുമാസം കഴിഞ്ഞ് ജൂലൈ പത്തിനാണ് തന്നെ അറസ്റ്റ് ചെയ്തത്. ഒരു മാസമായി റിമാന്‍ഡില്‍ കഴിയുന്നു. കേസില്‍ തനിക്ക് പങ്കുണ്ടെന്ന് പരാതിക്കാരിയോ സാക്ഷികളോ പറഞ്ഞിട്ടില്ലെന്നും ജാമ്യം അനുവദിക്കണമെന്നും ഹര്‍ജിയില്‍ ദിലീപ് പറയുന്നു.

© 2024 Live Kerala News. All Rights Reserved.