നടിക്കെതിരെ അപകീര്‍ത്തി പരാമര്‍ശം: പി.സി ജോര്‍ജിനെതിരെ കേസെടുക്കും; ‘പ്രസ്താവനകള്‍ സ്ത്രീത്വത്തെ പരുക്കേല്‍പ്പിക്കുന്നത്’

കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്കെതിരെ നിരന്തരം അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയ എംഎല്‍എ പി.സി ജോര്‍ജിനെതിരെ കേസെടുക്കാന്‍ വനിതാകമ്മീഷന്റെ നിര്‍ദേശം. പി.സി ജോര്‍ജിന്റെ മൊഴി എടുക്കാന്‍ ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് വനിതാ കമ്മീഷന്‍ നോട്ടീസ് നല്‍കി. ചാനല്‍ ചര്‍ച്ചകളിലും വാര്‍ത്താസമ്മേളനത്തിലും പി.സി ജോര്‍ജ് നിരന്തരം നടത്തിയ പ്രസ്താവനകള്‍ സ്ത്രീത്വത്തെ പരിക്കേല്‍പ്പിക്കുന്നതാണെന്ന് വനിതാകമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ വിലയിരുത്തി.
ഈ സാഹചര്യത്തിലാണ് ഡയറക്ടര്‍ക്ക് വനിതാ കമ്മീഷന്‍ അധ്യക്ഷ കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. പിസിയുടെ പരാമര്‍ശങ്ങളുമായി ബന്ധപ്പെട്ട് വനിതാകമ്മീഷന് പരാതികള്‍ ലഭിച്ചിരുന്നു. തുടര്‍ന്ന് നിയമോപദേശം തേടിയതിനെ തുടര്‍ന്നാണ് വനിതാകമ്മീഷന്‍ കേസെടുക്കാന്‍ തീരുമാനിച്ചതും.
ക്രൂരപീഡനത്തിന് ഇരയായെങ്കില്‍ എങ്ങനെയാണ് അടുത്ത ദിവസം നടി അഭിനയിക്കാന്‍ പോയതെന്നാണ് പിസി ജോര്‍ജ് എംഎല്‍എയുടെ ചോദ്യം. നിര്‍ഭയയേക്കാള്‍ ക്രൂരപീഡനമാണ് നടന്നതെന്നാണല്ലോ പറഞ്ഞതെന്നും ജോര്‍ജ് ആക്ഷേപിച്ചിരുന്നു. ദിലീപ് നിരപരാധിയാണെന്ന് നിരവധി തവണ പി.സി ജോര്‍ജ് പറഞ്ഞിരുന്നു.

© 2024 Live Kerala News. All Rights Reserved.