‘ദിലീപും പൊലീസും പറയുന്നത് ശരി; ആര് പറയുന്നതാണ് കൂടുതല്‍ ശരിയെന്ന് പറയാനാകില്ല’; കേസില്‍ ആദ്യം മുതല്‍ നടന്‍ നിരീക്ഷണത്തിലായിരുന്നുവെന്നും ബെഹ്‌റ

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് പീഡിപ്പിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപും പൊലീസും പറയുന്നത് ശരിയാണെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ആര് പറയുന്നതാണ് കൂടുതല്‍ ശരിയെന്ന് പരസ്യമായി പറയാനാകില്ല. കേസ് കോടതിയുടെ പരിഗണനയിലാണ്. അതിനാല്‍ കോടതിയലക്ഷ്യമാകും. കാര്യങ്ങള്‍ വിശദമാക്കി ഹൈക്കോടതിയില്‍ പൊലീസ് ഉടന്‍ സത്യവാങ് മൂലം നല്‍കും. നടിയെ തട്ടിക്കൊണ്ടു പോയ കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി തനിക്ക് ജയിലില്‍ നിന്ന് കത്തയച്ച കാര്യം അന്നുതന്നെ ഡിജിപിയെ ഫോണിലൂടെയും വാട്‌സാപ്പിലൂടെയും അറിയിച്ചെന്നും രണ്ടുദിവസം കഴിഞ്ഞ് രേഖാമൂലം പരാതി നല്‍കിയെന്നുമാണ് ദിലീപ് കോടതിയെ അറിയിച്ചത്.
അതേസമയം സംഭവം നടന്ന് 20 ദിവസത്തിനു ശേഷമാണ് ദിലീപ് പരാതിപ്പെട്ടത് എന്നായിരുന്നു പൊലീസിന്റെ വാദം. ദിലീപ് സംഭവവുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലായിരുന്നു. അങ്ങനെയുളള ഒരാളില്‍ നിന്നും പരാതി ലഭിച്ചാല്‍ അത് സംബന്ധിച്ച് പല കാര്യങ്ങളും പൊലീസിന് അന്വേഷിക്കേണ്ടതുണ്ട്. എന്തെങ്കിലും കാര്യങ്ങളില്‍ സംശയം തോന്നിയാല്‍ പലതും കൂടുതല്‍ അന്വേഷിക്കേണ്ടി വരും. അത് പൊലീസ് ചെയ്തിട്ടുണ്ടെന്നും ബെഹ്‌റ വിശദമാക്കി.

© 2024 Live Kerala News. All Rights Reserved.