‘മന്ത്രി മണി അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുന്നു’; അതിരപ്പള്ളി പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് സിപിഐ

അതിരപ്പളളി ജലവൈദ്യുത പദ്ദതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന്് സിപിഐ. വൈദ്യുത മന്ത്രി എംഎം മണി അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുകയാണ്. പദ്ദതിക്ക് പിന്നില്‍ പണക്കൊതിയുളള ഉദ്യോഗസ്ഥരെന്ന് സിപിഐ അസി: സെക്രട്ടറി പ്രകാശ്ബാബു. അതിരപ്പളളിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകില്ലെന്നാണ് കരുതുന്നത്. ലാഭകൊതിയുളള ഉദ്യോഗസ്ഥര്‍ക്ക് പരിസ്ഥിതിയോ പുഴയോ ആദിവാസികളോ നശിച്ചാല്‍ പ്രശ്നമില്ലെന്നും പ്രകാശ്ബാബു. ഉദ്യോഗസ്ഥര്‍ എഴുതിയ കത്ത് മന്ത്രി ശ്രദ്ധിക്കാതെ സഭയില്‍ വായിച്ചതാണോയെന്ന് സംശയിക്കുന്നു.
പാരിസ്ഥിതിക അനുമതി അവസാനിക്കുന്ന ജൂലൈ 18ന് മുന്‍പ് തന്നെ അതിരപ്പളളിയില്‍ കെഎസ്ഇബി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെന്നാണ് സര്‍ക്കാര്‍ വാദം. ഇതു സംബന്ധിച്ച് വൈദ്യുതമന്ത്രി എംഎം മണി നിയമസഭയില്‍ പ്രസ്താവന നടത്തിയിരുന്നു.
അഞ്ചുകോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെന്ന് കെഎസ്ഇബി കേന്ദ്രത്തെ അറിയിച്ചിരുന്നു. വനംവകുപ്പിന് നല്‍കാനുളള നഷ്ടപരിഹാരം നല്‍കിയതായും കെഎസ്ഇബി കേന്ദ്രത്തെ ധരിപ്പിച്ചിട്ടുണ്ട്. അതിരപ്പിളളി പദ്ധതിക്കായി പ്രാരംഭ നടപടികള്‍ ആരംഭിച്ചതായും വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി നിയമസഭയെ അറിയിച്ചിരുന്നു.
ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തിലേറിയത് മുതല്‍ അതിരപ്പിളളി പദ്ധതിയെക്കുറിച്ച് വിവാദങ്ങളും ഉയര്‍ന്നിരുന്നു. ഭരണപക്ഷത്ത് നിന്നും പദ്ധതിക്കെതിരെ സിപിഐയുടെ എതിര്‍പ്പും ശക്തമാണ്. പദ്ധതിക്ക് സര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്‍കിയതിനെതിരെ ഭരണപരിഷ്‌കരണ കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദനും രംഗത്ത് എത്തിയിരുന്നു.

© 2024 Live Kerala News. All Rights Reserved.