‘രാജ്യം പോയി, എന്നിട്ടും സുല്‍ത്താന്‍മാരാണെന്നാണ് ഞങ്ങളുടെ ഭാവം’; കോണ്‍ഗ്രസ് അസ്തിത്വ പ്രതിസന്ധിയിലെന്ന് തുറന്നു സമ്മതിച്ച് ജയറാം രമേശ്

കോണ്‍ഗ്രസ് അസ്തിത്വ പ്രതിസന്ധിയിലെന്ന് തുറന്നു സമ്മതിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശം. പാര്‍ട്ടിയും പാര്‍ട്ടി നേതാക്കളും ഒന്നായി നിന്ന് പ്രയത്‌നിച്ചാലേ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും ഉയര്‍ത്തുന്ന വെല്ലുവിളി മറികടക്കാനാവൂ എന്നും ജയറാം രമേശ് പറഞ്ഞു. മുമ്പുള്ള സാധാരണ സമീപനം കൊണ്ട് മോഡിക്കും ഷായ്ക്കും എതിരായി നില്‍ക്കാന്‍ കഴിയില്ല. സമീപനത്തില്‍ അടിമുടി മാറ്റം വരുത്തണം. ഭരണവിരുദ്ധ വികാരം തുണയ്ക്കുമെന്ന ചിന്തയില്‍ കാത്തിരുന്നാല്‍ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളും പ്രതിസന്ധിയിലാകുമെന്നും മുന്‍ കേന്ദ്രമന്ത്രി മുന്നറിയിപ്പ് നല്‍കുന്നു.
ശരിയാണ്, കോണ്‍ഗ്രസ് ഇപ്പോള്‍ വല്ലാത്ത പ്രതിസന്ധിയിലാണ്. നേരത്തേയും പാര്‍ട്ടി തെരഞ്ഞെടുപ്പ് പ്രതിസന്ധി നേരിട്ടിട്ടുണ്ട്. 1996 മുതല്‍ 2004 വരെ അധികാരത്തിന് പുറത്തായപ്പോള്‍. 1977ലും അടിയന്തരാവസ്ഥയ്ക്ക് തൊട്ടുപിന്നാലെയുള്ള തെരഞ്ഞെടുപ്പിലും നേരിട്ടതാണത്. പക്ഷേ ഇന്ന് കോണ്‍ഗ്രസ് നേരിടുന്നത് അസ്തിത്വ പ്രതിസന്ധിയാണെന്ന് ഞാന്‍ പറയും, അല്ലാതെ തെരഞ്ഞെടുപ്പിലുണ്ടാകുന്ന പ്രതിസന്ധിയല്ല. പാര്‍ട്ടി ഏറ്റവും ഗുരുതരമായ ആപത്സന്ധിയിലാണ്.
ജയറാം രമേശ്, കോണ്‍ഗ്രസ്

ബിജെപിയുടെ ചാക്കിട്ടുപിടുത്തത്തെ അതിജീവിക്കാന്‍ ഗുജറാത്തിലെ 44 എംഎല്‍എമാരെ പാര്‍ട്ടി ഭരിക്കുന്ന കര്‍ണാടകയിലേക്ക് മാറ്റിയത് അഹമ്മദ് പട്ടേലിന്റെ വിജയം ഉറപ്പാക്കാനാണെന്ന വസ്തുതയും ജയറാം രമേശ് അംഗീകരിച്ചു. കോണ്‍ഗ്രസ് നടപടികളെ ന്യായീകരിച്ച് പണ്ട് ബിജെപിയും എംഎല്‍എമാരെ മാറ്റിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

“നമ്മള്‍ മനസിലാക്കേണ്ടത് നാം നില്‍ക്കുന്നത് മോഡിക്കും അമിത് ഷായ്ക്കും എതിരായാണ്. അവര്‍ വ്യത്യസ്ഥമായാണ് ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതും. സമീപനത്തില്‍ വഴക്കം വരുത്തിയില്ലെങ്കില്‍ കോണ്‍ഗ്രസ് അപ്രസക്തമാകുമെന്ന് ഉറപ്പാണ്.”
ജയറാം രമേശ്, കോണ്‍ഗ്രസ്

ഇന്ത്യ മാറിയെന്ന് കോണ്‍ഗ്രസ് മനസിലാക്കണം, പഴയ മുദ്രാവാക്യങ്ങള്‍ ഇനി ഗുണം ചെയ്യില്ല. പഴയ തന്ത്രങ്ങളും മാറി. ഇന്ത്യ മാറുന്നതിന് അനുസരിച്ച് കോണ്‍ഗ്രസ് പാര്‍ട്ടിയും മാറണമെന്നും ജയറാം രമേശ് പറയുന്നു. 2018ലെ പ്രധാന സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിലും അടുത്ത ലോകസഭാ തെരഞ്ഞെടുപ്പിനും മുമ്പായി പാര്‍ട്ടിക്കുള്ളിലെ അധ്യക്ഷ സ്ഥാനമാറ്റം സംബന്ധിച്ച അനിശ്ചിതത്വങ്ങള്‍ക്ക് രാഹുല്‍ ഗാന്ധി കൃത്യമായ ഉത്തരം നല്‍കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2017 അവസാനിക്കും മുമ്പ് രാഹുല്‍ ഗാന്ധി അധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്നും ജയറാം രമേശ് പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.