ഉപരാഷ്ട്രപതിയെ ഇന്നറിയാം; ഗോപാല്‍ കൃഷ്ണ ഗാന്ധിക്കെതിരെ വിജയം ഉറപ്പിച്ച് വെങ്കയ്യ നായിഡു

ന്യൂഡല്‍ഹി: രാജ്യത്തെ ഉപരാഷ്ട്രപതി ഇന്ന് തെരഞ്ഞെടുക്കപ്പെടും. മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ എം വെങ്കയ്യ നായിഡുവാണ് എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥി. മഹാത്മാ ഗാന്ധിയുടെ കൊച്ചുമകനും മുന്‍ ബംഗാള്‍ ഗവര്‍ണറുമായ ഗോപാല്‍ കൃഷ്ണ ഗാന്ധിയാണ് പ്രതിപക്ഷ സ്ഥാനാര്‍ത്ഥി.
19 പാര്‍ട്ടികളുടെ പിന്തുണയാണ് ഗോപാല്‍ കൃഷ്ണ ഗാന്ധിക്കുള്ളത്. നാല് എംപിമാരുള്ള ആംആദ്മി പാര്‍ട്ടി പ്രതിപക്ഷ സ്ഥാനാര്‍ത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ജനതാദള്‍ (യു) എംപിമാരും ഗോപാല്‍ കൃഷ്ണ ഗാന്ധിക്ക് വോട്ട് ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്.
ഇരു സഭകളില്‍ നിന്നുമായി 790 പേരാണ് രഹസ്യബാലറ്റിലൂടെ വോട്ട് ചെയ്യുന്നത്. ലോക്‌സഭയില്‍ നിന്ന് 545 അംഗങ്ങളും രാജ്യസഭിയില്‍ നിന്ന് 243 അംഗങ്ങളുമുണ്ട്. ലോക്‌സഭയില്‍ 281 അംഗങ്ങളാണ് ബിജെപിക്കുള്ളത്. എന്‍ഡിഎയ്ക്ക് 338 അംഗങ്ങളാണ് ആകെ ഉള്ളത്. കോടതി വിധിയുള്ളതിനാല്‍ ബിജെപി എംപി ചേദി പാസ്വാന് വോട്ട് ചെയ്യാനാവില്ല.

രാജ്യസഭയില്‍ പ്രതിപക്ഷത്തിന് മേല്‍ക്കൈയുണ്ട്. ബിജെപിക്ക് 57 എംപിമാരും കോണ്‍ഗ്രസിന് 56 അംഗങ്ങളുമാണുള്ളത്. 243 അംഗ സഭയില്‍ എന്‍ഡിഎയ്ക്ക് 100 എംപിമാരുണ്ട്. ഇരു സഭകളിലെയും അംഗങ്ങളുടെ എണ്ണമെടുത്താല്‍ വെങ്കയ്യ നായിഡുവിന് തന്നെയാണ് വിജയ സാധ്യത.
രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് വോട്ടെടുപ്പ്. പാര്‍ലമെന്റില്‍ പ്രത്യേകം ബൂത്ത് തെരഞ്ഞെടുപ്പിനായി സജ്ജീകരിക്കും. വോട്ടെടുപ്പ് കഴിയുന്നതോടെ രഹസ്യബാലറ്റുകള്‍ എണ്ണിത്തുടങ്ങും. ആറ് മണിക്ക് ശേഷം ഉപരാഷ്ട്രപതിയെ പ്രഖ്യാപിക്കും.

© 2024 Live Kerala News. All Rights Reserved.