മഅ്ദനിക്ക് കേരളത്തില്‍ സുരക്ഷയൊരുക്കാന്‍ തയ്യാര്‍; കര്‍ണാടക സര്‍ക്കാരിന് മുഖ്യമന്ത്രി കത്തയക്കും; ഉറപ്പു കിട്ടിയതായി പിഡിപി

തിരുവനന്തപുരം: ജാമ്യവ്യവസ്ഥയില്‍ സുപ്രീം കോടതി ഇളവ് അനുവദിച്ച പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ കേരളത്തിലേക്കുള്ള യാത്ര അനിശ്ചിതത്വത്തിലായതോടെ സംസ്ഥാന സര്‍ക്കാര്‍ ഇടപെടുന്നു. കേരളത്തില്‍ മഅ്ദനിക്ക് സുരക്ഷ ഒരുുക്കാന്‍ തയ്യാറാണെന്ന് അറിയിച്ച് കര്‍ണാടക മുഖ്യമന്ത്രിക്ക് കത്തയക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പ് നല്‍കിയതായി പിഡിപി നേതാവ് പൂന്തുറ സിറാജ് അറിയിച്ചു. മറുപടി ലഭിച്ചശേഷം തുടര്‍നടപടിയെടുക്കാമെന്നു മുഖ്യമന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷാ ചെലവിന് കര്‍ണാടക പൊലീസ് ഭീമമായ തുക ആവശ്യപ്പെട്ടതോടെയാണ് മഅ്ദനിയുടെ യാത്ര അനിശ്ചിതത്വത്തിലായത്. ഇതിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പിഡിപി വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജും നേതാക്കളും മുഖ്യമന്ത്രിയെ കാണുകയായിരുന്നു.
14,80,000 രൂപയാണ് കര്‍ണാടക പൊലീസ് സുരക്ഷാ ചെലവിനായി ആവശ്യപ്പെട്ടത്. ആഗസ്ത് ഒന്നു മുതല്‍ 14 വരെയാണ് മഅ്ദനിക്ക് കേരളത്തില്‍ തങ്ങാന്‍ സുപ്രീം കോടതി അനുമതി നല്‍കിയത്. എന്നാല്‍ കോടതിയില്‍ സുരക്ഷാ ചെലവ് വഹിക്കാനാവില്ലെന്ന് കര്‍ണാടക പൊലീസ് പറഞ്ഞതോടെ ചെലവ് വഹിച്ചോളാമെന്ന് മഅ്ദനി അറിയിക്കുകയായിരുന്നു, ഇതോടെയാണ് കോടതി യാത്രക്ക് അനുമതി നല്‍കിയത്.
ആഗസ്ത് 1 മുതല്‍ 7 വരെ ഉമ്മയെ കാണാനായി ബംഗലൂരു എന്‍ഐഎ കോടതി മഅ്ദനിക്ക് അനുമതി നല്‍കിയിരുന്നു. ഇതിന് പുറമേ മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനിക്ക് സുപ്രീം കോടതി അനുമതി നല്‍കുക കൂടി ചെയ്തതോടെയാണ് 14 ദിവസം കേരളത്തില്‍ നില്‍ക്കാന്‍ അനുവാദം കിട്ടിയത്.

കേരളത്തിലേക്കുള്ള മഅ്ദനിയുടെ യാത്രാ പ്രതിസന്ധി പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്നു പിഡിപി നേതാക്കള്‍ മുഖ്യമന്ത്രിയെ കണ്ട് ആവശ്യപ്പെടുകയായിരുന്നു. മഅ്ദനിയുടെ സുരക്ഷ കേരളം ഉറപ്പാക്കണമെന്നും ഇക്കാര്യം കര്‍ണാടക സര്‍ക്കാരിനെ അറിയിക്കണമെന്നുമായിരുന്നു പിഡിപിയുടെ ആവശ്യം. യാത്ര മുടങ്ങിയതുമായി ബന്ധപ്പെട്ട വിവരങ്ങൾ മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധയിൽപെടുത്താൻ പാർട്ടി നേതാക്കളോടും ബന്ധുക്കളോടും മഅദനി ആവശ്യപ്പെട്ടിരുന്നു. സുരക്ഷാച്ചെലവ് സർക്കാർ വഹിക്കണമെന്ന അഭ്യർഥനയുമായി സുപ്രീം കോടതിയെ ഒരിക്കൽക്കൂടി സമീപിക്കാനും മഅദനി ആലോചിക്കുന്നുണ്ട്.

© 2024 Live Kerala News. All Rights Reserved.