ഒന്നും പറയാതെ ശരദ് യാദവ്; അദ്ദേഹം വിളിച്ചിരുന്നുവെന്ന് ലാലു പ്രസാദ് യാദവ്; ഉള്ളില്‍ ചുഴിയെങ്കിലും പുറമേ ശാന്തമായി ജെഡിയു

പാട്‌ന: നിതീഷ് കുമാറിന്റെ ബിജെപി കൂട്ടുകെട്ടില്‍ ജെഡിയുവില്‍ ഭിന്നത രൂക്ഷമാകുമ്പോള്‍ പുറമേ ഒന്നും മിണ്ടാതെ ജെഡിയു മുതിര്‍ന്ന നേതാവ് ശരദ് യാദവ്. നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുകയും ബിജെപിയുടെ കേന്ദ്രമന്ത്രി ഓഫര്‍ നിരസിക്കുകയും ചെയ്ത ശരദ് യാദവ് തന്നെ വിളിച്ചതായി ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് വ്യക്തമാക്കി. ജെഡിയുവിലെ ഭിന്നത വ്യക്തമാക്കുന്നതാണ് ലാലുവിന്റെ പ്രതികരണം.

‘ശരദ് യാദവ് എന്നെ വിളിച്ചിരുന്നു. ഞങ്ങളുമായി അദ്ദേഹം നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ട്. ഞങ്ങള്‍ക്ക് ഒപ്പമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു.’
ലാലു പ്രസാദ് യാദവ്, ആര്‍ജെഡി

70 വയസുകാരനായ ശരദ് യാദവ് പ്രതിപക്ഷത്തിന്റെ ബിജെപി വിരുദ്ധ പ്രക്ഷോഭങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു. കേന്ദ്രസര്‍ക്കാരുമായി നിതീഷ് കുമാര്‍ മൃദുസമീപനം പുലര്‍ത്തിയ നാളുകളില്‍ പ്രതിപക്ഷത്തിനൊപ്പം ശക്തമായി നില്‍ക്കുകയും ബിജെപിയുടെ ഫാസിസ്റ്റ് നയത്തിനെതിരെ പോരാടുകയും ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു സോഷ്യലിസ്റ്റ് നേതാവ്. എല്ലാ പ്രതിപക്ഷ യോഗങ്ങളിലും നിതീഷ് കുമാര്‍ വിട്ടുനിന്നപ്പോഴും യാദവ് പങ്കെടുത്ത് പിന്തുണ അറിയിച്ചിരുന്നു.

കേന്ദ്രമന്ത്രി സ്ഥാനം ഓഫര്‍ ചെയ്ത് അരുണ്‍ ജെയ്റ്റ്‌ലി സമീപിച്ചപ്പോഴും മോഡി മന്ത്രിസഭയിലേക്ക് താനില്ലെന്ന് തുറന്നടിക്കുകയും ചെയ്തിരുന്നു ശരദ് യാദവ്. രാജ്യസഭാംഗവും ദേശീയ രാഷ്ട്രീയത്തിലെ മുതിര്‍ന്ന നേതാവുമായ ശരദ് യാദവിനെ അനുനയിപ്പിക്കാനുള്ള ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ ശ്രമങ്ങള്‍ പാടേ പാളുകയായിരുന്നു. പ്രത്യേക ക്യാബിനറ്റ് സ്ഥാനം വാഗ്ദാനം ചെയ്ത ജെയ്റ്റ്ലിയോട് മന്ത്രിസ്ഥാനത്തില്‍ തനിക്ക് തെല്ലും താല്‍പര്യമില്ലെന്നും ഇനിയും ബിജെപിയെ ദേശീയ തലത്തിലും ബിഹാറിലും എതിര്‍ക്കുമെന്നും യാദവ് തുറന്നടിച്ചു. ഇതോടെ ജെഡിയു പിളര്‍പ്പിലേക്കാണ് നീങ്ങുന്നതെന്ന സൂചനയാണ് പുറത്തുവരുന്നത്.

© 2024 Live Kerala News. All Rights Reserved.