നടി ആക്രമിക്കപ്പെട്ട കേസില്‍ ചോദ്യം ചെയ്തതെന്ന വാര്‍ത്തയ്ക്ക് പിന്നാലെ നടന്‍ ദിലീപുമായോ, കാവ്യ മാധവനുമായോ സാമ്പത്തിക ഇടപ്പാടില്ലെന്ന് വ്യക്തമാക്കി റിമി ടോമി. ദിലീപിനോടൊപ്പം പങ്കെടുത്ത അമേരിക്കന്‍ ഷോകളെ പറ്റി അറിയുന്നതിന് വേണ്ടിയാണ് പൊലീസ് തന്നെ ഫോണില്‍ ബന്ധപ്പെട്ടതെന്നും റിമി ടോമി വിശദീകരിച്ചു.
ദിലീപുമായി രണ്ട് അമേരിക്കന്‍ പരിപാടികളില്‍ പങ്കെടുത്തിരുന്നു. അല്ലാതെ ദിലീപുമായി സാമ്പത്തിക ഇടപാടുകളില്ല. 2010ലെയും 2017ലെയും അമേരിക്കന്‍ പരിപാടികളെ കുറിച്ചായിരുന്നു ചോദിച്ചത്. ഇതില്‍ നടി, ദിലീപ്, കാവ്യ തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു. ഷോയില്‍ പങ്കെടുത്തവരെ പറ്റിയും ചോദിച്ചു. തന്നെ പറ്റി എന്തെങ്കിലും തരത്തില്‍ സംശയമുള്ളതായി പൊലീസ് എവിടെയും പറഞ്ഞിട്ടില്ലെന്നാണ് അറിയുന്നതെന്നും റിമി പറഞ്ഞു.
സമൂഹമാധ്യമങ്ങളില്‍ കേസുമായി ബന്ധമുള്ള മാഡമാക്കി തന്നെ അവതരിപ്പിക്കാന്‍ ശ്രമം നടക്കുന്നതായും റിമി ആരോപിച്ചു. ക്രൂരമായ ഒരു കാര്യത്തിനും കൂട്ടുനിന്നിട്ടില്ല. സുഹൃത്തെന്ന നിലയിലാണ് നടി അക്രമിക്കപ്പെട്ട വിവരം അറിഞ്ഞപ്പോള്‍ ദിലീപുമായും കാവ്യയുമായും ഫോണില്‍ സംസാരിച്ചത്. നടി അക്രമിക്കപ്പെട്ട വാര്‍ത്ത അറിയുന്നത് മാധ്യമങ്ങളില്‍ നിന്നുമാണ്. അന്ന് മാത്രമേ ഇതിനെകുറിച്ച് സംസാരിച്ചിട്ടുള്ളു. പിന്നീട് ഫോണില്‍ മറ്റ് കാര്യങ്ങളാണ് സംസാരിച്ചിട്ടുള്ളത്. നടിയും താനും തമ്മില്‍ പ്രശ്നങ്ങളുണ്ടെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്.
അനാവശ്യമായ വിവാദങ്ങളിലേക്ക് പേര് വലിച്ചിഴക്കുന്നതില്‍ വിഷമമുണ്ട്. നികുതിയടക്കാന്‍ മറന്ന് പോയതിന്റെ പേരില്‍ പിഴ അടക്കേണ്ടി വന്നതല്ലാതെ ഒരു തെറ്റും ചെയ്തിട്ടില്ല. തന്നോട് ബന്ധമുള്ള ആര്‍ക്കെങ്കിലും എന്തെങ്കിലും അനധികൃത ഇടപാടുണ്ടെങ്കില്‍ കണ്ടുപിടിക്കാന്‍ വെല്ലുവിളിക്കുകയാണെന്നും റിമി മാധ്യമങ്ങളോട് പറഞ്ഞു.
അധികൃത സാമ്പത്തിക ഇടപാടുണ്ടായിരുന്നെങ്കില്‍ രണ്ട് വര്‍ഷം മുമ്പ് തന്നെ ഇന്‍കം ടാക്സ് ഉദ്യോഗസ്ഥര്‍ക്ക് കണ്ടുപിടിക്കാമായിരുന്നെന്നും റിമി ടോമി പറയുന്നു. താന്‍ പറഞ്ഞ കാര്യങ്ങളില്‍ പൊലീസിന് പൊരുത്തക്കേട് അനുഭവപ്പെട്ടെന്ന പ്രചരണം തെറ്റാണെന്നും റിമി പറഞ്ഞു.
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ഗായിക റിമി ടോമിയെ പൊലീസ് ചോദ്യം ചെയ്തിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെ ദിലീപും കാവ്യാമാധവനുമായി റിമി ടോമി സംസാരിച്ചെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് റിമി ടോമിയെ പൊലീസ് ചോദ്യം ചെയ്തത്. കൂടാതെ ദിലീപുമായി സാമ്പത്തിക ഇടപാടുകള്‍ റിമി നടത്തിയിരുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ട വിവരം റിമി ടോമി എങ്ങനെ അറിഞ്ഞുവെന്ന് അന്വേഷണ സംഘം ചോദിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. മറുപടികളില്‍ പൊരുത്തക്കേട് ഉളളതായിട്ടാണ് പൊലീസ് നല്‍കുന്ന വിവരം.