വിന്‍സെന്റിന് ജാമ്യമില്ല; എംഎല്‍എ പുറത്തിറങ്ങിയാല്‍ വീട്ടമ്മയുടെ ജീവന് ഭീഷണിയെന്ന് കോടതിയില്‍ പ്രോസിക്യൂഷന്‍; ക്രമസമാധാന പ്രശ്‌നമുണ്ടാകും

വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസില്‍ കോവളം എംഎല്‍എ വിന്‍സെന്റിന് ജാമ്യമില്ല. നെയ്യാറ്റിന്‍കര മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യപേക്ഷ തള്ളിയത്. ജാമ്യം നല്‍കിയാല്‍ ക്രമസമാധാന പ്രശ്‌നമുണ്ടാകുമെന്ന് കോടതി നിരീക്ഷിച്ചു. പരാതിക്കാരിയുടെ ജീവന് ഭീഷണിയെന്നും കോടതി പറഞ്ഞു. ജില്ലാ സെഷന്‍സ് കോടതിയെ സമീപിക്കുമെന്ന് വിന്‍സെന്റിന്റെ അഭിഭാഷക അറിയിച്ചു.
വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ വിന്‍സെന്റിനെ നേരത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു നെയ്യാറ്റിന്‍കര മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. ഒരു ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. അഞ്ച് ദിവസത്തെ കസ്റ്റഡിക്കാണ് പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കിയത്. നാട്ടില്‍ കൊണ്ടുനടന്ന് കോവളം എംഎല്‍എയെ അപമാനിക്കാനാണെന്ന് പ്രതിഭാഗം വാദിച്ചു. എന്നാല്‍ ഒരു ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു നല്‍കുകയായിരുന്നു.

അയല്‍വാസിയായ സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ കഴിഞ്ഞ ദിവസമാണ് വിന്‍സെന്റിനെ അറസ്റ്റ് ചെയ്തത്. എംഎല്‍എ ഹോസ്റ്റലില്‍ വെച്ച് മൂന്നു മണിക്കൂര്‍ നീണ്ടു നിന്ന ചോദ്യം ചെയ്യലിനൊടുവിലായിരുന്നു അറസ്റ്റ്. പീഡനത്തിനിരയായ സ്ത്രീയുടെ സഹോദരി ഉള്‍പ്പെടെയുളളവര്‍ എംഎല്‍എയെ പിന്തുണച്ച് എത്തിയിരുന്നു.
പീഡനക്കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് കെപിസിസി സെക്രട്ടറി സ്ഥാനത്ത് നിന്ന് ഉള്‍പ്പെടെ അദ്ദേഹത്തെ പാര്‍ട്ടി നീക്കം ചെയ്തിരുന്നു. രാഷ്ട്രീയ ഗൂഢാലോചനയാണ് തനിക്കെതിരെ എന്നാണ് വിന്‍സെന്റിന്റെ വാദം.

© 2023 Live Kerala News. All Rights Reserved.