ചിത്രയെ തഴഞ്ഞ നടപടി: കേന്ദ്രം ഇടപെടുന്നു; അത്‌ലറ്റിക് ഫെഡറേഷനോട് വിശദീകരണം ചോദിക്കുമെന്ന് രാജേഷ് എംപിക്ക് കായികമന്ത്രിയുടെ ഉറപ്പ്

ലോകചാംപ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും കേരളത്തിന്റെ പി.യു ചിത്രയെ തഴഞ്ഞ അത്‌ലറ്റിക് ഫെഡറേഷന്റെ നടപടിയില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നു. പ്രതിഷേധം അറിയിച്ച എംബി രാജേഷ് എംപിയോട് അത്‌ലറ്റിക് ഫെഡറേഷനുമായി സംസാരിക്കാമെന്ന് കേന്ദ്ര കായികമന്ത്രി വിജയ് ഗോയല്‍ ഉറപ്പ് നല്‍കി. അത്‌ലറ്റിക് ഫെഡറേഷനോട് വിശദീകരണം ചോദിക്കുമെന്നും വിജയ് ഗോയല്‍ അറിയിച്ചു. ചിത്രയ്ക്ക് നീതി ഉറപ്പാക്കുമെന്നും രാജേഷ് എംപിയോട് മന്ത്രി ഉറപ്പ് പറഞ്ഞു.
ഏഷ്യന്‍ അത്ലറ്റിക് ചാംപ്യന്‍ഷിപ്പിലെ സ്വര്‍ണ നേട്ടക്കാരെല്ലാം ലോക ചാംപ്യന്‍ഷിപ്പിന് അര്‍ഹതയുള്ളവരാണ്. എന്നാല്‍ ചിത്രയ്ക്ക് ഫെഡറേഷന്‍ അവസരം നിഷേധിക്കുകയായിരുന്നു. ലണ്ടനിലെ ലോക ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള 24 അത്ലറ്റിക് ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ചിത്ര, സുധാ സിങ്, അജയ്കുമാര്‍ സരോജ് എന്നിവരെയാണ് പുറത്താക്കിയത്.
പി യു ചിത്രയെ ഒഴിവാക്കിയത് പ്രതിഷേധാര്‍ഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചിരുന്നു. ഒഫിഷ്യലുകള്‍ക്ക് പോകാന്‍ വേണ്ടിയാണ് തീരുമാനമെങ്കില്‍ അത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പിന്നാലെയാണ് എബി രാജേഷ് എംപി കായികമന്ത്രിയെ കണ്ടത്.
അത്ലറ്റിക് ഫെഡറേഷന്‍ ചിത്രയെ ഒഴിവാക്കിയത് ശരിയായില്ലെന്നും ഫെഡറേഷനില്‍ പ്രമുഖ മലയാളികളാരും ചിത്രയ്ക്കായി സംസാരിച്ചില്ലെന്നും ചിത്രയുടെ പരിശീലകന്‍ എന്‍. എസ് സിജിന്‍ കുറ്റപ്പെടുത്തി.

ലോക റാങ്കിങ്ങില്‍ ചിത്രയുടെ പ്രകടനം 200ാമത് മാത്രമാണെന്നും പ്രകടനത്തിന് സ്ഥിരതയില്ലെന്നും മെഡല്‍ നേടാന്‍ സാധ്യതയില്ലെന്നുമാണ് ഇന്ത്യന്‍ അത്ലറ്റിക് ഫെഡറേഷനും സെലക്ടര്‍മാരും വാദിക്കുന്നത്. മികച്ച താരങ്ങളെ ടീമില്‍ നിന്ന് ഒഴിവാക്കിയത് ഒഫിഷ്യല്‍സിന് ലണ്ടന്‍ യാത്ര തരപ്പെടുത്താനാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. 24 അംഗ ഇന്ത്യന്‍ അത്ലറ്റിക് സംഘത്തിന് അകമ്പടി സേവിക്കുന്നത് 13 ഒഫിഷ്യലുകളാണ്.

© 2024 Live Kerala News. All Rights Reserved.