ജയിലില്‍ കഴിയുന്ന ദിലീപിന് മുന്നിലുളള സാധ്യതകള്‍ ഇനി ഇങ്ങനെ; നിയമവിദഗ്ധര്‍ വിലയിരുത്തുന്നു

നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഡാലോചനക്കുറ്റത്തിന് അറസ്റ്റിലായ ദിലീപിന് ഹൈക്കോടതിയും ജാമ്യം നിഷേധിച്ചതോടെ ദിലീപിന് മുന്നിലുള്ള ഏക വഴി സുപ്രീം കോടതിയാണെന്ന് നിയമ വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
എന്നാല്‍ കേസിന്റെ ഈ ഘട്ടത്തില്‍ സുപ്രീം കോടതിയിലും ജാമ്യം ലഭിക്കാനുള്ള സാധ്യത വളരെ കുറവാണെന്നാണ് നിയമവിദഗ്‌ദ്ധരുടെ നിഗമനം. ഇത്തരം ഒരു കേസില്‍ അറസ്റ്റിലായിരിക്കുന്നത് ആരായാലും കേസിന്റെ സുപ്രധാന ഘടത്തില്‍ ജാമ്യം അനുവദിക്കുന്നതിന് സാധ്യതയില്ലെന്ന് ഇവര്‍ പറയുന്നു. ദിലീപിനെതിരെ പൊലീസ് ശേഖരിച്ചിരിക്കുന്ന തെളിവുകളും കേസ് ഡയറിയും പരിശോധിച്ച ശേഷം ജഡ്ജിയുടെ തീരുമാനമാണ് ജാമ്യം അനുവദിക്കണോ വേണ്ടയോ എന്നത്.
പ്രഥമദൃഷ്ട്യ ഈ കേസുമായി ദിലീപിനെ ബന്ധിപ്പിക്കുന്ന തെളിവുകളുണ്ടെങ്കില്‍ ജാമ്യം അനുവദിക്കില്ല. സാക്ഷിമൊഴികളും ഇലക്ട്രോണിക് രേഖകളും ദിലീപിനെതിരായുണ്ടെന്ന് പ്രോസിക്യൂഷന്‍ അവകാശപ്പെടുന്നതിനാല്‍ അത് ബോധ്യപ്പെട്ടാല്‍ കേസില്‍ ഇടപെടാന്‍ കോടതി വിസ്സമതിച്ചേക്കാം. അറസ്റ്റിലായിരിക്കുന്ന ദിലീപിന്റെ സ്വാധീനം കണക്കിലെടുത്ത് മറ്റ് പ്രതികളെ തേടുന്ന സാഹചര്യത്തില്‍ അതിന് സാധ്യതയേറെയാണ്. അപ്പുണിയടക്കമുള്ളവരെ കണ്ടെത്തി 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കേണ്ടതായുണ്ട്. അതിനാല്‍ ഈ ഘട്ടത്തില്‍ ദിലീപിനെ ജാമ്യത്തില്‍ വിടുന്നത് പ്രതികൂലമായി ബാധിക്കുമെന്നത് ബോധ്യപ്പെട്ടാണ് ഇന്ന് കോടതി ജാമ്യം നിഷേധിച്ചിരിക്കുന്നത്.

ഹൈക്കോടതിയും ജാമ്യം നിഷേധിച്ച സാഹചര്യത്തില്‍ ഇനി കേസിന്റെ തുടര്‍ നടപടികള്‍ എത്രയും വേഗത്തില്‍ അന്വേഷണ സംഘത്തിന് ചെയ്ത് തീര്‍ക്കേണ്ടതായി വരുമെന്നും നിയമവിദഗ്ദ്ധര്‍ പറയുന്നു. എത്രയും വേഗം മറ്റ് പ്രതികളെ കണ്ടെത്തി കുറ്റപത്രം സമര്‍പ്പിക്കണം.
അതേസമയം സുപ്രീംകോടതിയെ സമീപിക്കാതിരിക്കുന്നതാണ് ദിലീപിന് നല്ലതെന്നും വിദഗ്ദ്ധര്‍ പറയുന്നു. ഹൈക്കോടതിയില്‍ തന്നെ ജാമ്യപേക്ഷ സമര്‍പ്പിക്കാനുള്ള അവസരം ലഭിക്കുമ്പോള്‍ അത് ചെയ്യുന്നതാണ് നല്ലത്. സുപ്രീംകോടതിയിലും ജാമ്യം നിഷേധിച്ചാല്‍ 90 ദിവസം റിമാന്‍ഡ് കാലാവധി പൂരി‍ത്തിയാക്കി വിചാരണ നേരിടേണ്ടതായി വരും. വിചാരണ തീരുന്നത് വരെ പ്രതിയെ പുറത്ത് വിടാതിരിക്കണമോ എന്ന് നിശ്ചയിക്കുന്നത് കോടതിയാണ്. സാക്ഷികളെ സ്വാധീനിക്കുന്നതിനുള്ള സാധ്യത കണക്കിലെടുത്താവും ഈ തീരുമാനം.
നാളെ ദിലീപിന്റെ കസ്റ്റഡി കാലാവധി കഴിയും. ദിലീപിന്റെ കസ്റ്റഡി നീട്ടണമെന്ന് പോലീസ് ആവശ്യപ്പെടുമെന്നാണ് സൂചന. എന്നാല്‍ കസ്റ്റഡി നീട്ടരുതെന്ന പ്രതിഭാഗത്തിന്റെ ആവശ്യം ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ അങ്കമാലി മജിസ്ട്രേറ്റ് അംഗീകരിക്കാന്‍ സാധ്യതയില്ലെന്നും നിയമവിദഗ്‌ദ്ധര്‍ പറയുന്നു.

© 2023 Live Kerala News. All Rights Reserved.