ദിലീപിനെതിരെ കൂട്ട ബലാത്സംഗകുറ്റവും; രണ്ടാം പ്രതിയാകും; ചുമത്തിയത് 20 വര്‍ഷം വരെ തടവ് ലഭിക്കുന്ന കുറ്റങ്ങള്‍

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ പ്രതി നടന്‍ ദിലീപിനെതിരെ കൂട്ടബലാത്സഗത്തിനും കേസ്. ദിലീപിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് കൂട്ടബലാത്സംഗക്കേസ് ചുമത്തിയിരിക്കുന്നതാണ്. കൂട്ടബലാത്സംഗം, ഗൂഢാലോചന, തട്ടികൊണ്ടുപോകല്‍, തടവില്‍ പാര്‍പ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ദിലീപിനെതിരെ ചുമത്തിയിരിക്കുന്നത്. ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ ആസൂത്രണം ചെയ്തവരുടെ പേരിലും കുറ്റകൃത്യം നടത്തിയവര്‍ക്കെതിരെയുള്ള സമാനവകുപ്പുകള്‍ ഉള്‍പ്പെടുത്താമെന്ന വ്യവസ്ഥയനുസരിച്ചാണ് ദിലീപിന് മേല്‍ കൂട്ടബലാത്സംഗ കുറ്റം ചുമത്തിയിരിക്കുന്നത്.
ഐപിസി 376 D കൂട്ടബലാത്സംഗം ഐപിസി 342 അന്യായമായി തടവില്‍ പാര്‍പ്പിക്കല്‍, ഐപിസി 366 തട്ടികൊണ്ടുപോകല്‍, ഐപിസി 506 (1) കുറ്റം ചെയ്യാന്‍ പ്രേരിപ്പിക്കല്‍, ഐപിസി 411 മോഷണവസ്തു കൈവശം വക്കല്‍ എന്നീ വകുപ്പുകളാണ് ദിലീപിനെതിരെ ചുമത്തിയിരിക്കുന്നത്. 20 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിത്.
നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടന്‍ ദിലീപിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇന്നുരാവിലെ ദിലീപിനെ അങ്കമാലി മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയെങ്കിലും പൊലീസ് കസ്റ്റഡി അപേക്ഷ സമര്‍പ്പിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് ദിലീപിനെ റിമാന്‍ഡ് ചെയ്തത്. ആലുവ സബ്ജയിലിലേക്ക് ആണ് ദിലീപിനെ പാര്‍പ്പിച്ചിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകളായിരുന്നു ദിലീപിനെതിരെ പൊലീസ് ചുമത്തിയിരുന്നത്.

© 2024 Live Kerala News. All Rights Reserved.